തോല്‍പ്പെട്ടിയില്‍ മയക്കുമരുന്നുവേട്ട; 200 ഗ്രാം എംഡിഎംഎ, രണ്ട് കിലോ കഞ്ചാവ് പിടിച്ചെടുത്തു

തോല്‍പ്പെട്ടി: കര്‍ണാടകയില്‍നിന്നുള്ള സ്വകാര്യ ബസിലെ പാഴ്‌സല്‍ ബോക്‌സില്‍ കടത്തുകയായിരുന്ന 200 ഗ്രാം എംഡിഎംഎയും രണ്ട് കിലോഗ്രാം കഞ്ചാവും തോല്‍പ്പെട്ടിയില്‍ ശനിയാഴ്ച പുലര്‍ച്ചെ നടത്തിയ
വാഹന പരിശോധനയില്‍ എക്‌സൈസ് സംഘം പിടിച്ചെടുത്തു. ബസിന്റെ അടിഭാഗത്തെ കാബിനില്‍ ഹാര്‍ഡ് ബോര്‍ഡ് പെട്ടിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവും എംഎഡിഎംഎയും. ഹാര്‍ഡ് ബോര്‍ഡ് പെട്ടിയില്‍ മധ്യഭാഗത്ത് ജിപിഎസ് സംവിധാനവും കണ്ടെത്തി. ആരെയും അറസ്റ്റുചെയ്തിട്ടില്ല.
പിടിച്ചെടുത്ത എംഡിഎംഎയ്ക്കു മാത്രം ആറ് ലക്ഷം രൂപ വിലവരും. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സജിത് ചന്ദ്രന്‍, പ്രിവന്റീവ് ഓഫീസര്‍മാരായ അനില്‍കുമാര്‍, കെ. ജോണി, പി.ആര്‍. ജിനോഷ്, എ. ദീപു, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അമല്‍ തോമസ്, കെ.വി. രാജീവന്‍, കെ.എസ്. സനൂപ്, ഇ.എസ്. ജയ്‌മോന്‍ എന്നിവരടങ്ങുന്ന സംഘമാണ് വാഹന പരിശോധന നടത്തിയത്. പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പറഞ്ഞു. ലഹരിവസ്തുക്കള്‍ ബംഗളൂരുവില്‍നിന്നു മലപ്പുറത്തേക്ക് കൊണ്ടുപോകുകയായിരുന്നുവെന്നാണ് എക്‌സൈസ് ഉദ്യോഗസ്ഥരുടെ നിഗമനം. കഴിഞ്ഞ ഒരു മാസത്തിനിടെ മാനന്തവാടി എക്‌സൈസ് സര്‍ക്കിള്‍ ടീം 650 ഗ്രാം എംഡിഎംഎ, മൂന്ന് കിലോഗ്രാം കഞ്ചാവ്, 30 ലിറ്റര്‍ മദ്യം എന്നിവയാണ് പിടിച്ചെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *