ബത്തേരി : വയനാട്ടിൽ ആത്മഹത്യ ചെയ്ത ഡി.സി.സി ട്രഷറർ എൻ.എം. വിജയന്റെ ആത്മഹത്യാ കുറിപ്പും കെപിസിസി പ്രസിഡന്റ് കെ. സുധാകരന് എഴുതിയ കത്തും പുറത്ത്. ഐ.സി ബാലകൃഷ്ണൻ എം.എൽ.എ നിയമനത്തിന് കോഴവാങ്ങിയെന്ന് വ്യക്തമാക്കുന്ന കുറിപ്പുകളാണ് പുറത്തുവന്നിരിക്കുന്നത്. ആത്മഹത്യയ്ക്ക് പിന്നാലെ സുൽത്താൻ ബത്തേരി ബാങ്കിലെ നിയമന ക്രമക്കേട് ചർച്ചയായിരുന്നു. ഇതിനുപിന്നാലെയാണ് ആത്മഹത്യാ കുറിപ്പും കത്തും പുറത്തുവന്നിരിക്കുന്നത്.
നാല് പേജുള്ള ആത്മഹത്യാക്കുറിപ്പിൽ അദ്ദേഹത്തിന് എത്ര സാമ്പത്തിക ബാധ്യത ഉണ്ടെന്നും അത് എങ്ങനെ സംഭവിച്ചു എന്നും വ്യക്തമാക്കുന്നുണ്ട്. അർബൻ ബാങ്ക് നിയമനവുമായി ബന്ധപ്പെട്ട് തനിക്ക് കോടിക്കണക്കിന് രൂപയുടെ ബാധ്യത ഉണ്ടായെന്നും നിയമനവുമായി ബന്ധപ്പെട്ട് പല കോൺഗ്രസ് നേതാക്കളും പണം വാങ്ങിയെന്നും കെ. സുധാകരന് അയച്ച കത്തിലും പറയുന്നു. ബത്തേരി എം.എൽ.എ ഐ.സി ബാലകൃഷ്ണൻ്റേയും ഡി.സി.സി പ്രസിഡന്റ് എൻ.ഡി അപ്പച്ചൻ്റേയും പേരുകളും എൻ.എം. വിജയൻ എഴുതിയ കത്തിലുണ്ട്.
നിയമനത്തിന്റെറെ പേരിൽ പലരിൽനിന്നും പണം വാങ്ങിയെന്നും ഇത് ഐ.സി ബാലകൃഷ്ണന് വേണ്ടിയാണെന്നും സൂചനകളുണ്ട്. അവസാനം, തന്നെ ആരും തിരിഞ്ഞ് നോക്കാത്ത അവസ്ഥ ഉണ്ടായെന്നും എല്ലാ ബാധ്യതകളും തനിക്ക് നേരെ മാത്രം വന്നെന്നും കെ.പി.സി.സി. പ്രസിഡന്റിന് അയച്ച കത്തിലുണ്ട്. ബത്തേരി കാർഷിക ബാങ്കിലും ബത്തേരി അർബൻ സഹകരണ ബാങ്കിലും നിയമനക്രമക്കേട് ഉണ്ടായെന്നും കത്തിൽ പറയുന്നു.
കാർഷിക ബാങ്കിലും ബത്തേരി അർബൻ സഹകരണ ബാങ്കിലും നിയമനക്രമക്കേട് ഉണ്ടായെന്നും കത്തിൽ പറയുന്നു.
ബാങ്കിൽ നിയമനം നൽകാമെന്നുപറഞ്ഞ് പലരിൽനിന്നും പണം വാങ്ങിയെന്നും തൊഴിൽ നൽകാനായില്ലെന്നും ഇത് തനിക്ക് ബാധ്യത ഉണ്ടാക്കിയെന്നും കത്തിൽ പരാമർശമുണ്ട്. ഈ പണം തിരിച്ച് കൊടുക്കേണ്ടിവന്നത് ബാധ്യതയുണ്ടാക്കി. തൻ്റെ മക്കളെയെങ്കിലും രക്ഷിക്കാൻ കെപിസിസി നേതൃത്വം സഹായിക്കണം എന്നുപറഞ്ഞാണ് കത്ത് അവസാനിപ്പിക്കുന്നത്.
പിതാവ് ആവശ്യപ്പെട്ട പ്രകാരം കത്ത് ബന്ധപ്പെട്ടവർക്ക് അയച്ചുകൊടുത്തെന്നും പാർട്ടി നേതൃത്വത്തിൽനിന്നും ഇടപെടൽ ഉണ്ടാവുമോ എന്നറിയാനാണ് പത്ത് ദിവസം കാത്തിരുന്നതെന്നും നടപടി ഉണ്ടാവാത്ത സാഹചര്യത്തിലാണ് കത്ത് പുറത്തുവിടുന്നതെന്നും കുടുംബം അറിയിച്ചു
