വെള്ളമുണ്ട: ജനാധിപത്യം സാർത്ഥകമാവാൻ സനാതന ധർമത്തെ ചെറുത്തു തോൽപ്പിക്കണമെന്ന് സംസ്കൃത പണ്ഡിതനും പ്രഭാഷകനമായ ഡോ. ടി എസ് ശ്യാംകുമാർ. രാജ്യത്തെ മുഴുവൻ പൗരൻമാർക്കും അന്തസോടെ ജീവിക്കാൻ സനാതന ധർമം പരാജയപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യവും ജനാധിപത്യവും നിലനിര്‍ത്തുക എന്ന ഭാരിച്ച ഉത്തരവാദിത്തം ആത്മാഭിമാനമുള്ള മുഴുവന്‍ പൗരന്മാരും ഏറ്റെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ധർമ്മം: ചരിത്രവും പ്രത്യയശാസ്ത്രവും എന്ന വിഷയത്തിൽ ഏഴാമത് ഇ.കെ.മാധവന്‍ സ്മാരക പ്രഭാഷണം നടത്തുകയായിരുന്നു ഡോ. ടി എസ് ശ്യാംകുമാര്‍. സോഷ്യലിസ്റ്റ് നേതാവും ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ തുടക്കക്കാരിലൊരാളുമായിരുന്ന ഇ.കെ.മാധവന്റെ ഏഴാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് ലൈബ്രറി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ വെള്ളമുണ്ട പഞ്ചായത്ത് ലൈബ്രറി സമിതിയാണ് പരിപാടി സംഘടിപ്പിച്ചത്. അനുസ്മരണ സമ്മേളനം വെള്ളമുണ്ട പഞ്ചായത്ത് പ്രസിഡണ്ട് സുധി രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡണ്ട് പി.ടി.സുഗതന്‍ അധ്യക്ഷത വഹിച്ചു. അഡ്വ. എം വേണുഗോപാല്‍ അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി, വെള്ളമുണ്ട പഞ്ചായത്ത് സ്റ്റാന്‍ംഗ് കമ്മറ്റി ചെയര്‍മാന്‍ സി എം അനില്‍കുമാര്‍, പി ടി സുഭാഷ്, കെ കെ ചന്ദ്രശേഖരന്‍, എം സുധാകരന്‍, എം കമല്‍ എന്നിവര്‍ പ്രസംഗിച്ചു. ഇ കെ മാധവന്റെ ഓര്‍മ്മയ്ക്കായി എല്ലാ വര്‍ഷവും അദ്ദഹത്തിന്റെ കുടുംബം വാങ്ങി നല്‍കുന്ന പുസ്തകങ്ങള്‍ മാനന്തവാടി പഴശ്ശി ഗ്രന്ഥാലയത്തിനും കരിങ്ങാരി ഗവണ്‍മെന്റ് യു.പി സ്‌കൂള്‍ ലൈബ്രറിക്കും കൈമാറി
ജനാധിപത്യം സാർത്ഥകമാകാൻ സനാതന ധർമത്തെ പരാജയപ്പെടുത്തണം: ഡോ. ടി എസ് ശ്യാംകുമാർ
