വെള്ളമുണ്ട : വിദ്യാലയങ്ങൾ ജോലി കിട്ടാനുള്ള വിദ്യ പഠിപ്പിക്കുന്ന ഇടം മാത്രം ആവരുതെന്നും സംസ്കാരവും വിവേകവും പഠിപ്പിച്ച് യഥാർഥ മനുഷ്യനാകാനുമുള്ള ഇടമായി തീരണമെന്നും എഴുത്തുകാരൻ കൽപറ്റ നാരായണൻ അഭിപ്രായപ്പെട്ടു. വെള്ളമുണ്ട ആസ്ഥാനമായി രൂപീകരിച്ച നെഹ്റു ഇക്കണോമിക് ആന്റ് എൻവയൺമെന്റൽ ഡവലപ്മെന്റ് സൊസൈറ്റിയുടെ (നീഡ്സ് വയനാട്) ഉദ്ഘാടനം നിർവ് ഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നെഹ്റുവിന്റെ ആശയങ്ങൾക്കും കാഴ്ചപ്പാടുകൾക്കും പ്രസക്തി വർധിച്ച് കൊണ്ടിരിക്കുന്ന വർത്തമാന കാലത്ത് നെഹ്റുവിന്റെ ആശയങ്ങൾ പ്രചരിപ്പിക്കുവാനും ഒപ്പം സാമൂഹിക സേവനം ചെയ്യുവാനും സന്നദ്ധ സംഘടന രൂപീകരിക്കുന്നത് നല്ല തുടക്കമാണെന്നും കൽപറ്റ നാരായണൻ പറഞ്ഞു.
നീഡ്സ് വയനാട് ചെയർമാൻ ഷാജി ജേക്കബ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി, വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുധി രാധാകൃഷ്ണൻ, മുൻ മന്ത്രി പി.കെ ജയലക്ഷ്മി, ജുനൈദ് കൈപ്പാണി, സൂപ്പി പള്ളിയാൽ, അഡ്വ.എം വേണു ഗോപാൽ, പി.കെ സുധീർ, ഫാ. ബിജോ കറകപ്പള്ളിൽ , പി.കെ അമീൻ, കെ. അഹമ്മദ് മാസ്റ്റർ, കെ.ടി സുകുമാരൻ, എം.സുധാകരൻ എന്നിവർ പ്രസംഗിച്ചു. നീഡ്സ് വയനാട് സെക്രട്ടറി ടി.കെ മമ്മൂട്ടി സ്വാഗതവും എൻ.എസ് ജെയിംസ് മാസ്റ്റർ നന്ദിയും പറഞ്ഞു.
