നിർത്തിയിട്ടിരുന്ന കാർ കത്തി നശിച്ചു

കൽപ്പറ്റ: ചെന്നലോട് വൈപ്പടിയിൽ മദീന പള്ളിക്ക് സമീപം ഷെഡ്ഡിൽ നിർത്തിയിട്ടിരുന്ന മാരുതി റിറ്റ്സ് കാർ കത്തി നശിച്ചു. ഇന്നലെ രാത്രി ഒരു മണിയോടെയാണ് സംഭവം. പടിഞ്ഞാറെത്തറ ചെന്നലോട് മുക്രിവീട്ടിൽ സിറാജിന്റെ ഉടമസ്ഥതയിലുള്ള കാറാണ് പൂർണമായും കത്തി നശിച്ചത്. വീട്ടിൽ കാർ വെക്കാൻ സൗകര്യമില്ലാത്തതിനാൽ പള്ളിയോട് ചേർന്ന ഷെഡ്ഡിലാണ് സിറാജ് കാർ സൂക്ഷിച്ചിരുന്നത്. തീപിടിത്തത്തിൽ കാറിനോടൊപ്പം പരിസരത്ത് സൂക്ഷിച്ചിരുന്ന രണ്ട് ഗ്യാസ് സിലിണ്ടറുകളും കത്തി നശിച്ചു. പള്ളിയുടെ ഭിത്തിക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. കൂടാതെ ഇവിടെ സൂക്ഷിച്ചിരുന്ന നിരവധി ഫൈബർ കസേരകളും കത്തി നശിച്ചു. നാട്ടുകാരും പിന്നീട് സ്ഥലത്തെത്തിയ അഗ്‌നി സുരക്ഷാ സേനാംഗങ്ങളും ചേർന്നാണ് തീയണച്ചത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *