കൽപ്പറ്റ: മുണ്ടക്കൈ ദുരന്തബാധിരായ പലരും ലിസ്റ്റിൽ ഉൾപ്പെടാത്തതിന്റെ കാരണം ലിസ്റ്റ് സർക്കാർ ഉത്തരവുകളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കുന്നതിനാൽ ആണെന്ന വസ്തുത നിലനിൽക്കെ റവന്യൂ വകുപ്പ് മന്ത്രിയും, സി.പി.ഐ ജില്ലാ സെക്രട്ടറിയും നേതാക്കൻമാരും ദുരന്തബാധിതരെ തെറ്റിദ്ധരിപ്പിക്കുകയും ജില്ലാ ദുരന്ത നിവാരണ അതോററ്റിയെയും മീറ്റിംഗിൽ പങ്കെടുക്കുന്ന ജനപ്രതിനിധികളെയും പൊതുമധ്യത്തിൽ അവഹേളിക്കാനുമാണ് താൽപര്യം കാണിക്കുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ കുറ്റപ്പെടുത്തി. പടവെട്ടിക്കുന്ന് മേഖലയിലെ ജനങ്ങളെ ലിസ്റ്റിൽ ഉൾപ്പെടുത്തണം എന്ന് പറയുന്ന സി.പി.ഐ നേതൃത്വം എന്തുകൊണ്ടാണ് നിലവിലെ ലിസ്റ്റിൽ ആ പ്രദേശത്തെ ആളുകൾ ഉൾപ്പെടാത്തതെന്ന് പറയാനുള്ള ആർജവം കൂടി കാണിക്കണം. നോ ഗോ സോണിൽ നിന്നും 50 മീറ്റർ ദൂരപരിധിയിൽ ഉള്ളവരെ മാത്രം 2. ബി ലിസ്റ്റിൽ ഉൾപ്പെടുത്തിയാൽ മതിയെന്ന സർക്കാർ ഉത്തരവാണ് ഈ പ്രദേശങ്ങളിലെ ജനങ്ങളെ ലിസ്റ്റിൽ ഉൾപെടുത്താൻ കഴിയാത്തതിന് കാരണം. റാട്ടപ്പാടിയിലെയും മറ്റ് ലയങ്ങളിലെയും ദുരന്തബാധിതരും ലിസ്റ്റിൽ നിന്ന് എങ്ങിനെ പുറത്തുപോയി എന്നും സി.പി.ഐ നേതൃത്വം വ്യക്തമാക്കണം. 2.ബി ലിസ്റ്റിൽ 50 മീറ്റർ പരിധിയിലെ വീടുകൾ മാത്രം പരിഗണിച്ചാൽ മതിയെന്ന സർക്കാർ ഉത്തരവാണ് റാട്ടപ്പാടിയിലെ ആളുകൾക്ക് തിരിച്ചടിയായത്. സർക്കാർ ഉത്തരവിൽ മാറ്റം വരുത്തി അവരെയും കൂടി ഉൾപെടുത്താനാണ് സർക്കാർ തയ്യാറാവേണ്ടത്. അതിന് പകരം തങ്ങളുടെ തെറ്റ് മറ്റുള്ളവരുടെ തലയിൽ കെട്ടിവെക്കാനുള്ള ശ്രമങ്ങളാണ് വകുപ്പ് മന്ത്രിയും സി.പി.ഐയും ശ്രമിക്കുന്നത്. നിലവിൽ സർക്കാരിറക്കിയ ഉത്തരവ് ജില്ലാ ദൂരന്ത നിവാരണ അതോറിറ്റിക്ക് തിരുത്താൻ കഴിയുമോ എന്നതും സി.പി.ഐ ജില്ലാ സെക്രട്ടറി പൊതുസമൂഹത്തോട് പറയണം. പടവെട്ടിക്കുന്നിലെ മാറിത്താമസിക്കാൻ താൽപര്യം ഉള്ള മുഴുവൻ കുടുംബങ്ങളെയും ലിസ്റ്റിൻ ഉൾപ്പെടുത്തണമെന്ന് ഡി.ഡി.എം.എ യോഗത്തിൽ ആവശ്യപ്പെട്ടതാണ്. ഈ വിഷയത്തിൽ തീരുമാനം എടുക്കേണ്ടത് സർക്കാർ തലത്തിൽ ആണെന്നാണ് ജില്ലാ കലക്ടർ യോഗത്തിൽ അറിയിച്ചത്. ഇതിനായി സർക്കാരിലേക്ക് തങ്ങളുടെ ആക്ഷേപങ്ങൾ ചൂണ്ടിക്കാട്ടി അയക്കുകയും ചെയ്തിട്ടും ഇതുവരെ സ്പഷ്ടീകരണം ലഭിച്ചിട്ടില്ല. സി.പി.ഐ ജില്ലാ സെക്രട്ടറി പറഞ്ഞ ഷൈജ ബേബി ലിസ്റ്റിൽ ഉൾപ്പെടാതെ പോയതിന്റെ കാരണം ദുരന്ത സമയത്ത് പ്രസ്തുത മേഖലയിൽ താമസമുണ്ടായിരുന്നവരെ മാത്രമേ പരിഗണിക്കാവൂ എന്ന സർക്കാർ ഉത്തരവാണ്. ഇതുകൊണ്ടാണ് അർഹർ പുറത്താകാതിരിക്കാൻ ഉത്തരവുകൾ മാറ്റണമെന്ന് ഡി.ഡി.എം.എ യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയിൽ ആവശ്യപ്പെട്ടത്. ഈ കാര്യത്തിൽ സി.പി.ഐക്കും ഇതേ നിലപാടാണെങ്കിൽ റവന്യൂ വകുപ്പ് മന്ത്രിയെ കണ്ട് ഉത്തരവുകൾക്ക് പകരം ദുരന്തം മാത്രം മാനദണ്ഡമാക്കണമെന്ന് ആവശ്യപ്പെടുകയാണ് ചെയ്യേണ്ടതെന്നും സംഷാദ് മരക്കാർ വാർത്താക്കുറിപ്പിൽ പറഞ്ഞു.
ദുരന്ത ബാധിതർ ലിസ്റ്റിൽ ഉൾപ്പെടാത്തത് സർക്കാർ ഉത്തരവ് മൂലം: സംഷാദ് മരക്കാർ
