മാനന്തവാടി: ലഹരി വസ്തുക്കൾ നിർമിക്കുകയും സംഭരിക്കുകയും ചെയ്യുന്ന ഉറവിടം കണ്ടെത്തി അതിന്റെ ഉത്തരവാദികളെ നിയമത്തിന്റെ മുമ്പിൽ കൊണ്ടുവരുവാൻ സർക്കാർ ജാഗ്രത പാലിക്കണമെന്നും കുറഞ്ഞ അളവിൽ വിൽക്കുകയും വിതരണം ചെയ്യുന്നവർ ക്കെതിരെ മാത്രം പെറ്റി കേസ് എടുത്ത്, വൻ സ്രാവുകളെ ഒഴിവാക്കുന്ന സമീപനമാണ് ഇന്ന് നിലവിലുള്ളതെന്നും മാനന്തവാടി രൂപതാ മെത്രാൻ മാർ ജോസ് പൊരുന്നേടം. കെസിബിസി മദ്യവിരുദ്ധ സമിതി രജത ജൂബിലി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗ്രാമങ്ങൾ തോറും മദ്യ ശാലകൾ തുറന്നതിന്റെ ഫലമായി മദ്യത്തിന്റെ ലഭ്യതയും, രാസ ലഹരി വസ്തുക്കളുടെ ഉപയോഗവും വർധിച്ചു . സ്കൂൾ , കോളേജുകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലഹരി മാഫിയകളെ നിയമത്തിന്റെ മുമ്പിൽ എത്തിക്കുവാൻ സർക്കാർ പരാജയപ്പെട്ടതുകൊണ്ടാണു വിദ്യാർഥികൾ ക്കിടയിൽ പോലും അക്രമങ്ങളും കൊലപാതകങ്ങളും നടക്കുന്നതെന്ന് കെ സി ബി സി മദ്യ-ലഹരി വിരുദ്ധ സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള മുഖ്യപ്രഭാഷണത്തിൽ അഭിപ്രായപ്പെട്ടു.
ലഹരിവസ്തുക്കളുടെ വിതരണവും ഉപയോഗവും വർധിക്കുന്നതിൽ യോഗം ആശങ്ക അറിയിച്ചു. ആവശ്യമായ കർമ്മ പദ്ധതികൾക്ക് യോഗം രൂപം നൽകി. ഇടവകകൾ തോറും മദ്യ-ലഹരി വിരുദ്ധ സമിതികൾ രൂപീകരിച്ചും, സ്കൂളുകളിലും കോളേജുകളിലും ബോധവൽക്കരണ പരിപാടികൾ നടത്തുവാനും യോഗം തീരുമാനിച്ചു.
സമിതി രൂപത പ്രസിഡൻ്റ് വി ഡി രാജു വലിയാറയിൽ അധ്യക്ഷത വഹിച്ചു. മാനന്തവാടി രൂപത വികാരി ജനറാൾ മോൺ. പോൾ മുണ്ടോലിക്കൽ അനുഗ്രഹ പ്രഭാഷണം നടത്തി. ഫാ. സണ്ണി ജോസ് മഠത്തിൽ, ഫാ. ജോർജ് വർഗീസ്, ഫാ. തോമസ് കച്ചിറയിൽ, സിസ്റ്റർ ആനീസ് എബ്രഹാം, ജോൺസൺ തൊഴുതുങ്കൽ, മാത്യു ആര്യപള്ളി, മരിയ ഇഞ്ചിക്കാലയിൽ,ലില്ലി മാത്യു, മനോജ് കുമാർ, കുര്യൻ കരുവള്ളിത്തറ, ടെസി കറുത്തേടത്ത്, റീത്ത സ്റ്റാൻലി, എന്നിവർ പ്രസംഗിച്ചു. സി.മരീന ജോസ്, ക്രിസ്റ്റി കരുവള്ളിത്തറ, ലിസി കൂവയ്ക്കൽ, ജോയി ചൂരനോളിൽ, ജോസ് തെക്കുംപുറം,ബിജു ജോസ് നടവയൽ മാത്യു മേച്ചേരി എന്നിവർ നേതൃത്വം നൽകി.
