Headlines

ആരോഗ്യ മേഖലയിൽ ജില്ലയെ സ്വയം പര്യാപ്തമാക്കും: മന്ത്രി വീണാ ജോർജ്

വൈത്തിരി :ആരോഗ്യ മേഖലയിൽ ജില്ലയെ സ്വയംപര്യാപ്തമാക്കുമെന്നും സാധാരണക്കാരായ ജനവിഭാഗം ആശ്രയിക്കുന്ന സർക്കാർ ആശുപത്രികളിൽ വിവിധ ആധുനിക ചികിത്സാ സംവിധാനങ്ങൾ ഉറപ്പാക്കുകയാണ് സർക്കാർ ലക്ഷ്യമെന്നും മന്ത്രി വീണാ ജോർജ്. വൈത്തിരി താലൂക്ക് ആശുപത്രിയിൽ നിർമിച്ച സ്ത്രീകളുടെയും കുട്ടികളുടെയും ബ്ലോക്ക്, നവീകരിച്ച പി.പി യൂണിറ്റ്, ലാബ്, ഒ. പി ട്രാൻസ്‌ഫോർമേഷൻ യൂണിറ്റുകളുടെ ഉദ്ഘാടനം എന്നിവ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. മാനന്തവാടി ഗവ. മെഡിക്കൽ കോളെജ് ആശുപത്രിയിൽ ന്യൂറോ സർജന്റെ സേവനം ഉറപ്പാക്കും. വന്യമൃഗങ്ങളുടെ ആക്രമണത്തെ തുടർന്ന് ചികിത്സയ്ക്ക് എത്തുന്നവർക്ക് ചികിത്സാ സൗകര്യവും ശസ്ത്രക്രിയയും ഉപ്പാക്കാൻ സാധിക്കും. ഇതിനായി 10 കോടി രൂപ വകയിരുത്തുമെന്നും മന്ത്രി പറഞ്ഞു. ആസ്പിരേഷൻ ജില്ല കൂടിയായ വയനാട്ടിലെ ഗവ. മെഡിക്കൽ കോളജിൽ എം.ബി.ബി.എസ് മെഡിക്കൽ പഠനം ആരംഭിക്കാൻ ദേശീയ ആരോഗ്യ കമ്മിഷനോട് ധനസഹായം ആവശ്യപ്പെട്ടിട്ടുണ്ട്. കൽപറ്റയിൽ 23 കോടി രൂപ വകയിരുത്തി ക്രിട്ടിക്കൽ കെയർ ബ്ലോക്ക് ആരംഭിക്കും. ജില്ലയിൽ ഓക്‌സിജൻ പ്ലാന്റ് പ്രവർത്തിക്കുന്നത് ആരോഗ്യ മേഖലയിലെ സ്വയം പര്യാപ്തത ഉറപ്പാക്കുന്നതിന്റെ ഭാഗമായാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വൈത്തിരി താലൂക്ക് ആശുപത്രിയിൽ 7.5 കോടി ചെലവിൽ പൂർത്തീകരിച്ച സ്ത്രീകളുടെയും കുട്ടികളുടെയും പ്രത്യേക കെട്ടിടത്തിൽ ലേബർ റൂം, ഓപ്പറേഷൻ തിയേറ്റർ, ആന്റി നേറ്റൽ, പോസ്റ്റ് നേറ്റൽ, പോസ്റ്റ് ഓപ്പറേറ്റീവ്, കുട്ടികളുടെ വാർഡ്, എൻ.ബി.എസ്.യു ഗൈനക്ക് – കുട്ടികളുടെ ഒ.പി,ലിഫ്റ്റ്, സെൻട്രലൈസ്ഡ് ഓക്‌സിജൻ സപ്ലൈ, സെൻട്രലൈസ്ഡ് സെക്ഷൻ,82 കെ.വി ജനറേറ്റർ, ട്രാൻസ്‌ഫോമർ സൗകര്യങ്ങൾ എന്നിവ ഒരുക്കിയിട്ടുണ്ട്.
കൽപറ്റ ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ച 14 ലക്ഷം രൂപയും ദേശീയ ആരോഗ്യ ദൗത്യം അനുവദിച്ച 131.87 ലക്ഷം രൂപയും ഉൾപ്പെടെ 1.45 കോടി ചെലവിൽ പൂർത്തികരിച്ച 8 ഒ.പി മുറികളുടെയും മേൽക്കൂരകളുടെയും പ്രവൃത്തികളും പൂർത്തീകരിച്ചിട്ടുണ്ട്. 20 ലക്ഷം ചെലവിൽ നവീകരിച്ച ലാബിൽ ഉപകരണങ്ങൾ വയ്ക്കാനുള്ള ടേബിളുകൾ ഇലക്ട്രിക്കൽ-പ്ലംബിംഗ് പ്രവൃത്തികൾ, ആവശ്യമായ പാർട്ടീഷൻ പ്രവൃത്തികൾ പൂർത്തിയാക്കി.
ആർദ്രം പദ്ധതിയിലുൾപ്പെടുത്തി ഏഴ് ലക്ഷം രൂപ വകയിരുത്തി നവീകരിച്ച പി.പി യൂണിറ്റിൽ കുത്തിവയ്പ്പ് മുറി, ഐ.എൽ.ആർ, ഡീപ്പ്ഫ്രീസർ സ്റ്റോർ റുംസൗകര്യങ്ങളാണുള്ളത്. ആശുപത്രി പരിസരത്ത് നടന്ന പരിപാടിയിൽ ടി. സിദ്ദിഖ് എം.എൽ.എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ, കൽപറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ, വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.വി വിജേഷ്, കൽപറ്റ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫൗസിയ ബഷീർ, ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. ടി. മോഹൻദാസ്, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ സമീഹ സെയ്തലവി, കൽപറ്റ ബ്ലോക്ക് പഞ്ചായത്ത് സ്ഥിര സമിതി അധ്യക്ഷരായ ആയിഷാബി, ഡോ. ഷിജിൻ ജോൺ ആളൂർ, ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, എന്നിവര് പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *