പഞ്ചാരക്കൊല്ലി : പിലാക്കാവ് പഞ്ചാരക്കൊല്ലി പ്രദേശത്ത് വീണ്ടും കടുവയുടെ കാൽപാടുകൾ കണ്ടെത്തി. തറാട്ട് ഉന്നതിയിലെ രാമൻ്റെ വാഴത്തോട്ടത്തിലാണ് ഇന്ന് രാവിലെ കടുവയുടെ കാൽപ്പാടുകൾ കണ്ടെത്തിയത്. വനംവകുപ്പ് ഉദയോഗസ്ഥർ സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ കടുവയുടെ കാൽപാടുകളാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. വനത്തിനോട് ചേർന്ന ഈ പ്രദേശത്ത് കടുവയുടെ സാന്നിധ്യം മുൻപേയുള്ളതാണെന്നും, വൈകുന്നേരത്തോടെ ക്യാമറ ട്രാപ്പുകൾ സ്ഥാപിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്നും വനപാലകർ പറഞ്ഞു. രണ്ട് കുന്നുകൾക്കിടയിലായി സ്ഥിതി ചെയ്യുന്ന വയൽഭാഗത്താണ് കാൽപാടുകൾ കണ്ടിരിക്കുന്നത്. ഒരു കുന്നിൽ നിന്നും സമീപത്തെ കുന്നിലേക്ക് കടുവ പോയതായാണ് നിഗമനം. ഇത്തരത്തിൽ മുൻപും കടുവയുടെ സഞ്ചാരപാതയായിട്ടുള്ള മേഖലയാണിതെന്നും വനം വകുപ്പ് വ്യക്തമാക്കി.
പഞ്ചാരക്കൊല്ലിയിൽ കടുവയുടെ കാൽപ്പാടുകൾ
