കൽപ്പറ്റ: ചൂരൽമല മുണ്ടക്കൈ ഉരുൾപൊട്ടൽ പുനരധിവാസത്തിന്റെ ഭാഗമായി നിർമ്മിക്കുന്ന ടൗൺഷിപ്പ് നിർമ്മാണ പ്രവർത്തി ഉദ്ഘാടനം മാർച്ച് 27 ന് വൈകിട്ട് 4 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ചടങ്ങിൽ വയനാട് എംപി പ്രിയങ്ക ഗാന്ധിയും പങ്കെടുക്കും. മൂന്ന് ദിവസത്തെ മണ്ഡല പര്യടനത്തിനാണ് പ്രിയങ്ക എത്തുന്നത്. 27 ന് രാവിലെ പുൽപള്ളി സീതാദേവി ലവാ കുശ ക്ഷേത്രം പ്രിയങ്ക സന്ദർശിക്കും. പുൽപ്പള്ളി പഞ്ചായത്ത് ഓഫീസ് ഉദ്ഘാടനം,ഇരുളം സ്മാർട്ട് അംഗൻവാടി ഉദ്ഘാടനം, മീനങ്ങാടിയിൽ വനിതാ സംഗമത്തിലും, വൺ സ്കൂൾ പ്രൊജക്റ്റ് ഉദ്ഘാടനത്തിലും, വള്ളിയൂർക്കാവ് ഉത്സവത്തിലും 27 ന് പ്രിയങ്ക പങ്കെടുക്കും. തലപ്പുഴ, എള്ളുമന്ദം, വടക്കനാട്, മുക്കം, വണ്ടൂർ എന്നിവിടങ്ങളിലും 28, 29 തീയതികളിലായി വിവിധ പരിപാടികളിൽ പ്രിയങ്ക പങ്കെടുക്കും.
