കൽപറ്റ: പ്ലാൻ ഫണ്ടുകൾ വെട്ടി ക്കുറച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രാദേശിക വികസന പ്രവർത്തനങ്ങളും പദ്ധതികളും അട്ടിമറിക്കുന്ന നടപടി അവസാനിപ്പിച്ച് തദ്ദേശ സ്ഥാപനങ്ങളോടു നീതി കാണിക്കണമെന്ന് ടി സിദ്ദിഖ് എംഎൽഎ. തദ്ദേശ സ്വയംഭരണ സ്ഥപനങ്ങളോടു സർക്കാർ കാണിക്കുന്ന അവഗണനയിലും അനീതിയിലും പ്രതിഷേധിച്ചു യുഡിഎഫ് നടത്തുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായുള്ള ജില്ലാ രാപകൽ സമരങ്ങളുടെ കൽപറ്റ നിയോജക മണ്ഡലം തല ഉദ്ഘാടനം കൽപറ്റ മുനിസിപ്പൽ ഓഫിസിനു മുന്നിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പ്ലാൻഫണ്ട് നൽകുന്നത് ഓരോ ബജറ്റിലും എൽഡിഎഫ് സർക്കാർ വെട്ടിക്കുറയ്ക്കുകയാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനമെല്ലാം സ്തംഭനാവസ്ഥയിലാണ്. വികസന പ്രവർത്തനങ്ങൾ മുരടിച്ചിരിക്കുന്നു. ഈ മാർച്ചിൽ അനുവദിച്ച ഫണ്ടിലും ഭീമമായ വെട്ടിക്കുറയ്ക്കലാണ് നടത്തിയിരിക്കുന്നതെന്നും അനുവദിക്കുന്ന ഫണ്ടുകൾ പോലും ചെലവഴിക്കാൻ കഴിയാത്ത സാഹചര്യമാണ് നിലനിൽക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. .എൻ മുസ്തഫ അധ്യക്ഷനായിരുന്നു. പി പി ആലി, , ഗിരീഷ് കൽപറ്റ,സി മൊയ്‌തീൻ കുട്ടി,പി വിനോദ് കുമാർ, മുജീബ് കേയം തൊടി, , ഹർഷൽ കോന്നാടൻ,എ പി ഹമീദ്,എം പി നവാസ്,അലവി വടക്കേതിൽ,കെ കെ രാജേന്ദ്രൻ,കെ അജിത,സരോജിനി ഓടമ്പത് തുടങ്ങിയവർ സംസാരിച്ചു.ഈ വിഷയങ്ങൾ ഉന്നയിച്ചുകൊണ്ട് യുഡിഎഫ് നടത്താനിരിക്കുന്ന പ്രക്ഷോഭ പരിപാടികളുടെ ആദ്യഘട്ടമായി ഏപ്രിൽ 4, 5 തീയതികളിലായി ജില്ലയിലെ മുഴുവൻ മുനിസിപ്പൽ പഞ്ചായത്ത് ഓഫിസുകൾക്ക് മുന്നിലും യുഡിഎഫിന്റെ നേതൃത്വത്തിൽ രാപകൽ സമരം നടക്കുന്നുണ്ട്. ഇന്ന് വൈകുന്നേരം 4 മണിക്ക് തുടങ്ങി നാളെ രാവിലെ എട്ടുമണിക്ക് സമാപിക്കും. മുട്ടിൽ പഞ്ചായത്ത് ഓഫിസിനു മുന്നിൽ ഡിസിസി പ്രസിഡൻ്റ് എൻ ഡി അപ്പച്ചൻ രാപകൽ സമരത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. കണിയാമ്പറ്റയിൽ യുഡിഎഫ് ചെയർമാൻ കെ കെ അഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്തു. മൂപ്പൈനാട് കെപിസിസി മെമ്പർ പി പി ആലി,കോട്ടത്തറയിൽ പി.ടി. ഗോപാലക്കുറുപ്പ്, വെങ്ങപ്പള്ളിയിൽ റസാഖ് കൽപറ്റ, തരിയോട് എം എ ജോസഫ്,പൊഴുതനയിൽ ടി ഹംസ, വൈത്തിരിയിൽ ടി ജെ ഐസക് പടിഞ്ഞാറത്തറയിൽ യഹിയ ഖാൻ തലക്കൽ, മേപ്പാടിയിൽ സലിം മേമന തുടങ്ങിയവർ രാപ്പകൽ സമരത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.