കല്‍പ്പറ്റ: രാഹുല്‍ ഗാന്ധിയെയും പ്രിയങ്കാഗാന്ധിയെയും ദുര്‍ബലപ്പെടുത്താനുള്ള സി പി എം ശ്രമം മോദിയെയും അമിത്ഷായെയും പ്രീതിപ്പെടുത്താനാണെന്ന് അഡ്വ. ടി സിദ്ധിഖ് എം എല്‍ എ. വിവിധ കേസുകളുടെ പശ്ചാത്തലത്തില്‍ ബി ജെ പി കേന്ദ്രനേതാക്കന്മാരുടെ പ്രീതി കിട്ടുന്നതിന് വേണ്ടി ഇനിയും വിമര്‍ശനം ശക്തമാക്കാനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദേശീയതലത്തില്‍ ബി ജെ പിക്കും സംഘപരിവാറിനെതിരെയും ഭരണഘടനയെയും ജനങ്ങലെയും സംരക്ഷിക്കാനുമുള്ള പോരാട്ടത്തിന്റെ മുഖങ്ങളാണ് രാഹുലും പ്രിയങ്കയും. ബി ജെ പിക്കെതിരെ കോണ്‍ഗ്രസ് കടന്നാക്രമിച്ച് പോരാട്ടം നടത്തുമ്പോള്‍ ആ നീക്കങ്ങളെ ദുര്‍ബലപ്പെടുത്താനാണ് സി പി എം ശ്രമം. കേരളത്തിലെ സി പി എമ്മിന് ബി ജെ പി, സംഘപരിവാര്‍ വിരുദ്ധതയല്ല, മറിച്ച് കോണ്‍ഗ്രസ് വിരുദ്ധതയാണെന്നതിന്റെ തെളിവാണ് രാഹുല്‍ഗാന്ധിക്കും പ്രിയങ്കാഗാന്ധിക്കുമെതിരായ നീക്കങ്ങളെന്നും എം എല്‍ എ പറഞ്ഞു. ബി ജെ പി, സി പി എം അന്തര്‍ധാര കേരളത്തില്‍ പ്രകടവും സജീവവുമാണ്. കൊടകര കേസുള്‍പ്പെടെ എല്ലാം ആവിയായി പോയി. ഇനി എസ് എഫ് ഐ ഒ കേസ് ആവിയായി പോകുമോയെന്നറിയാന്‍ കാത്തിരിക്കുകയാണ്. രാജ്യത്തുയര്‍ന്നുവരുന്ന സംഘപരിവാരിനെതിരായ പോരാട്ടത്തെ കേരളത്തില്‍ ദുര്‍ബലപ്പെടുത്താനുള്ള ശ്രമങ്ങളാണ് ഇപ്പോല്‍ സി പി എം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. വളരെ നേരത്തെ തന്നെ സ്പീക്കര്‍ക്കും പാര്‍ട്ടിക്കും കത്ത് നല്കിയ ശേഷമാണ് പ്രിയങ്കാഗാന്ധി ഒരാളുടെ ചികിത്സയുമായി ബന്ധപ്പെട്ട് പോയത്. വഖഫ് ബില്ല് അവതരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നേരത്തെ പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് വിവരം നല്‍കിയിരുന്നില്ല. മാത്രമല്ല, ബിസിനസ് അഡൈ്വസറി കമ്മിറ്റിയില്‍ പറയാതെയാണ് ബില്ലുകൊണ്ടുവന്നത്. ബില്ല് അവതരിപ്പിക്കാന്‍ പോകുന്ന വിവരം അറിഞ്ഞയുടന്‍ തന്നെ രാഹുല്‍ഗാന്ധി ഇന്ത്യാമുന്നണിയുടെ അടിയന്തരമായി യോഗം വിളിച്ചു. അഭിപ്രായ വ്യത്യാസമുള്ള എല്ലാവരെയും കോര്‍ത്തിണക്കി, കോണ്‍ഗ്രസ് പാര്‍ലമെന്റില്‍ സംസാരിക്കാനുള്ള പാനല്‍ തീരുമാനിച്ചു മുന്നോട്ടുപോകുകയും ചെയ്തു. വിവിധ ആവശ്യങ്ങളുമായി ബന്ധപ്പെട്ട് നിരവധി പേര് അതേദിവസം പാര്‍ലമെന്റില്‍ വരാതായിട്ടുണ്ട്. വാസ്തവം ഇതായിരിക്കെ സി പി എം ബി ജെ പിയെ തൃപ്തിപ്പെടുത്താനാണ് ശ്രമം തുടരുന്നത്. കേന്ദ്രത്തിലെ സംഘപരിവാരിന്റെ ഭാഷയാണ് വയനാട്ടിലെ സി പി എമ്മിനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാഹുലിനെയും പ്രിയങ്കെയയും ദുര്‍ബലപ്പെടുത്താനുള്ള സി പി എം ശ്രമം മോദിയെയും അമിത്ഷായെയും പ്രീതിപ്പെടുത്താന്‍: ടി സിദ്ധിഖ് എം എല്‍ എ
