കൽപറ്റ: കൽപറ്റ ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ ഓട്ടിസം ബാധിതരായവർക്ക് നൽകുന്ന സ്പർശ് ജീവകാരുണ്യ പെൻഷൻ പദ്ധതിയിൽ നഴ്സിങ് കോളേജ് വിദ്യാർഥികളും അധ്യാപകരും പങ്കാളികളായി.മേപ്പാടി വിംസ് മെഡിക്കൽ കോളേജിലെ നഴ്സിങ് കോളേജ് വിദ്യാർഥികളാണ് പെൻഷൻ നൽകാനായി തുക സ്വരുപിച്ച് നൽകി മാതൃകാ പ്രവർത്തനം നടത്തിയത്.പഠനത്തോടൊപ്പം ജീവകാരുണ്യ പദ്ധതിക്കായി തങ്ങളുടെ സമ്പാദ്യം സ്വരുപിച്ച് നൽകിയാണ് വിദ്യാർഥികളും അധ്യാപകരും കണ്ണികളായത്.ഓട്ടിസം ബാധിതരായ 85 പേർക്ക് മാസം തോറും 1,000 രൂപവീതമാണ് പെൻഷൻ നൽകുന്നത്. തുടങ്ങിയിട്ട് നാല് വർഷമായെങ്കിലും പെൻഷൻ പദ്ധതിക്ക് യാതൊരു പ്രയാസവുമുണ്ടായിട്ടില്ല.
സാമ്പത്തിക ഭദ്രതയാവുന്നതോടെ 100 പേർക്ക് പെൻഷൻ നൽകുമെന്ന് സെക്രട്ടറി കെ.പി. ബഷീർ പറഞ്ഞു.ഡോ. മൂപ്പൻസ് നഴ്സിങ് കോളേജ് വിദ്യാർഥികൾ സ്വരൂപിച്ച തുക പ്രിൻസിപ്പൽ പ്രൊഫ. ലിഡ ആൻറണി കൽപറ്റ ചാരിറ്റബിൾ സൊസൈറ്റി പ്രസിഡൻ്റ് സൂപ്പി കല്ലങ്കോടന് കൈമാറി.വൈസ് പ്രിൻസിപ്പൽ പ്രൊഫ. സി രമാദേവി,അസോസിയേറ്റ് പ്രൊഫസർ ജെ ആർ ഷൈനി, പ്രൊഫ.മഞ്ജു കുര്യൻ, അസിസ്റ്റൻ്റ് പ്രൊഫസർ ലിൻ്റ തോമസ്, ക്ലിനിക്കൽ ഇൻസ്ട്രക്ടർ ഹാജറ ബീഗം, കൽപറ്റ ചാരിറ്റബിൾ സൊസൈറ്റി സെക്രട്ടറി കെ പി ബഷീർ, സലീം അറക്കൽ, അഷ്റഫ് മൂപ്പറ്റ, വി വി സലീം എന്നിവർ പങ്കെടുത്തു.
ഓട്ടിസം ബാധിതർക്കുള്ള പെൻഷൻ പദ്ധതിയിൽവിദ്യാർഥികൾ പങ്കാളികളായി
