കല്‍പ്പറ്റ:പുല്‍വാമ ഭീകരാക്രമണത്തില്‍ ധീര രക്തസാക്ഷിത്വം വരിച്ച വയനാടിന്റെ അഭിമാനമായ വി വി വസന്തകുമാറിന്റെ സ്മരണയ്ക്ക് വേണ്ടി വസന്തകുമാര്‍ സ്മാരക റോഡും, സ്മാരകത്തിന്റെ ചുറ്റുമതില്‍ നിര്‍മ്മാണവും പൂര്‍ത്തിയാക്കി. നിയോജക മണ്ഡലം എം എല്‍ എ അഡ്വ.ടി സിദ്ധീഖിന്റെ 2022-23 വര്‍ഷത്തെ ആസ്തി വികസന ഫണ്ടില്‍ നിന്നും 30 ലക്ഷം രൂപ ഉപയോഗിച്ചുകൊണ്ടാണ് രണ്ടു പ്രവര്‍ത്തികളും പൂര്‍ത്തീകരിച്ചത്. ഈ രണ്ടു പദ്ധതികളുടെയും ഉദ്ഘാടനം വാഴക്കണ്ടി കോളനി പരിസരത്ത് സ്മൃതി മണ്ഡപത്തിന് മുമ്പില്‍ നടന്ന ചടങ്ങില്‍ എം എല്‍ എ നിര്‍വഹിച്ചു.
രാജ്യത്ത് സ്വന്തം രക്തസാക്ഷിത്വം കൊണ്ട് വയനാടിന്റെ ഖ്യാതി അടയാളപ്പെടുത്തിയ ധീര രക്തസാക്ഷിയാണ് വസന്തകുമാര്‍ എന്നും വസന്തകുമാറിന്റെ സ്മരണ നിലനിര്‍ത്താന്‍ ആവുന്നതെല്ലാം ചെയ്യുമെന്നും ടി സിദ്ധീഖ് എം എല്‍ എ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും സംരക്ഷിക്കാന്‍ നമ്മുടെ സൈനികര്‍ നടത്തുന്ന ത്യാഗ സമ്പൂര്‍ണ്ണമായ പ്രവര്‍ത്തനം ഒരിക്കലും വിസ്മരിക്കാന്‍ സാധിക്കുന്നതല്ലെന്നും, അവരെ സംരക്ഷിക്കുന്ന വലിയ പ്രവര്‍ത്തനത്തിന് നേതൃത്വം കൊടുക്കാന്‍ എല്ലാ ഇന്ത്യക്കാരനും ബാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. നാം ഇവിടെ നാട്ടില്‍ സുരക്ഷിതരായിരിക്കുന്നത് നമ്മള്‍ സൈ്വര്യ ജീവിതം നടത്തുന്നതും അതിര്‍ത്തിയിലെ നമ്മുടെ സൈനികരുടെ നിതാന്ത ജാഗ്രതയും അവരുടെ രക്തവും ജീവനും അര്‍പ്പിച്ച് ഉള്ള പ്രവര്‍ത്തനങ്ങള്‍ കൊണ്ടാണ് ഇന്ത്യ അസ്തിരപെടുത്തുന്ന ശക്തികള്‍ക്കെതിരായി രാജ്യത്തെ നിലനിര്‍ത്താനും ഐക്യവും അഖണ്ഡതയും സംരക്ഷിക്കാനുള്ള പോരാട്ടത്തില്‍ ജീവന്‍ കൊടുത്തും ഓരോ പൗരനും മുമ്പോട്ട് വരുമെന്ന് പ്രഖ്യാപനമാണ് ഈ സമയത്ത് നമുക്ക് ഓരോരുത്തര്‍ക്കും എടുക്കാനുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രക്തസാക്ഷി കുടുംബങ്ങളായ വസന്തകുമാറിന്റെ അമ്മ ശാന്ത ഭാര്യ ഷീന ധീരരക്തസാക്ഷി മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ അച്ഛന്‍ ഉണ്ണികൃഷ്ണന്‍ അമ്മ ധനലക്ഷ്മി എന്നിവര്‍ ഉദ്ഘാടന വേളയില്‍ ഉണ്ടായിരുന്നു.
ചടങ്ങില്‍ മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് കെ ബാബു അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഉഷാതമ്പി, മേപ്പാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാധ രാമസ്വാമി, മേപ്പാടി പഞ്ചായത്ത് സ്ന്റാഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍മാരായ രാജു ഹെജമാടി, ബി നാസര്‍, രാധാമണി ടീച്ചര്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ അരുണ്‍ ദേവ്, പഞ്ചായത്തംഗങ്ങളായ സിന്ധു കെ, എന്‍ കെ സുകുമാരന്‍, റംല ഹംസ, അബ്ദു,ആര്‍ ഉണ്ണികൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.
