മാനന്തവാടി: ഗാന്ധി പാർക്കില്‍ പൊതുശൗചാലയം അടഞ്ഞു കിടക്കുന്നത് പ്രയാസത്തിലാക്കുന്നതായി പരാതി. കേടുപാടുകള്‍ തീർത്ത് ശൗചാലയം തുറന്നു നല്‍കണമെന്ന് ആവശ്യം.
ബസ് കാത്തിരിപ്പ് കേന്ദ്രം, വ്യാപാര സ്ഥാപനങ്ങള്‍, ഓട്ടോ, ജീപ്പ് സ്റ്റാൻഡുകള്‍ എന്നിവയുള്‍പ്പെടുന്ന ഭാഗത്തെ ശൗചാലയം ഏറെ ദിവസങ്ങളായി അടഞ്ഞുകിടക്കുന്നതാണ് യാത്രക്കാരെയും തൊഴിലാളികള്‍ ഉള്‍പ്പടെ ഒട്ടേറെ ആളുകളെ പ്രയാസത്തിലാക്കുന്നത്.
ദിവസങ്ങള്‍ക്ക് മുന്പ് സെപ്റ്റിക് ടാങ്ക് പൈപ്പ് ചോർച്ചയെ തുടർന്നാണ് ശൗചാലയം അടച്ചിട്ടത്. കഴിഞ്ഞ രണ്ടാം തീയതി ഓട്ടോറിക്ഷ തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവർ നഗരസഭാധികൃതരുമായി നടത്തിയ ചർച്ച നടത്തിയിരുന്നു. കേടുപാടുകള്‍ തീർത്ത് തൊട്ടടുത്ത ദിവസം തന്നെ ശൗചാലയം തുറന്നു പ്രവർത്തിപ്പിക്കുമെന്നാണ് കൗണ്‍സിലർ ഉള്‍പ്പെടെയുള്ളവർ ഉറപ്പു നല്‍കിയത്.
എന്നാല്‍, ദിവസങ്ങള്‍ കഴിഞ്ഞിട്ടും യാതൊരു നടപടിയും ഇല്ലാത്തതാണ് പ്രതിഷേധത്തിനിടയാകുന്നത്. സെപ്റ്റിക് ടാങ്ക് മാലിന്യം നീക്കം ചെയ്തിട്ടില്ലാത്തതിനാല്‍ കടുത്ത ദുർഗന്ധവും ഉണ്ട്. പരിഹാരനടപടികളില്ലെങ്കില്‍ പ്രത്യക്ഷ സമരപരിപാടികളുമായി രംഗത്തിറങ്ങാനാണ് ഓട്ടോ, ജീപ്പ് തൊഴിലാളികളുള്‍പ്പെടെയുള്ളവരുടെ തീരുമാനം.
