കൽപ്പറ്റ : പോലീസ് സ്റ്റേഷൻ ശുചിമുറിയിൽ ഗോകുൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ സമഗ്രാന്വേഷണത്തിനും കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കുന്നതിനും സി ബി ഐ അന്വേഷണത്തിന് സർക്കാർ തയ്യാറാവണമെന്ന് ആദിവാസികൾക്കെതിരെയുള്ള അതിക്രമ വിരുദ്ധ സമിതി. ഇക്കാര്യം ആവശ്യപ്പെട്ട് സമിതിയുടെ നേതൃത്വത്തിൽ കലക്ട്രേറ്റ് മാർച്ചും ധർണയും നടത്തി. ഗോകുലിൻ്റെ മരണത്തിനുത്തരവാദികളായ മുഴുവൻ പോലീസ് ഉദ്യോഗസ്ഥരേയും സർവ്വീസിൽ നിന്നും നീക്കം ചെയ്യുക, കൊലക്കുറ്റത്തിന് കേസെടുക്കുക, ഗോകുലിൻ്റെ കൊലപാതകമടക്കമുള്ള മുഴുവൻ ആദിവാസി കൊലപാതകങ്ങളും സിറ്റിംഗ് ജഡ്ജിയെ കൊണ്ട് അന്വേഷിപ്പിക്കുക, ഗോകുലിൻ്റെ കുടുംബത്തിന് അടിയന്തിര ധന സഹായം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. ഗോത്രവിഭാഗത്തിൽപ്പെട്ടതും പ്രായപൂർത്തിയാകാത്തതുമായ ഗോകുലിനെ കസ്റ്റഡിയിൽ എടുത്തതു മുതൽ മരണം വരെ പോലീസ് നടത്തിയ എല്ലാ നടപടികളും അന്വേഷണ വിധേയമാക്കണമെന്നും, ഗോകുലിൻ്റെ മരണത്തിന് ഉത്തരവാദികളായ മുഴുവൻ പോലീസ് ഉദ്യോഗസ്ഥരേയും, പരിധിയിലല്ലാത്ത സ്റ്റേഷനിൽ കസ്റ്റഡിയിൽ വക്കുന്നതിന് അനധികൃതമായി അനുമതി നൽകിയ പോലീസ് മേധാവികൾക്കെതിരേയും കേസെടുക്കണമെന്നും മാതൃകാപരമായ നടപടി സ്വീകരിക്കാൻ തയ്യാറാകണമെന്നും ആവശ്യപ്പെട്ടു. മാർച്ചും ധർണയും കെ കെ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. അമ്മിണി കെ വയനാട് അധ്യക്ഷത വഹിച്ചു. ബിന്ദു വൈല്ലശ്ശേരി, സി എസ് മുരളി, പി കെ രാധാകൃഷ്ണൻ, സാം പി മാത്യൂ, ഡോ.പി ജി ഹരി, എ എൻ സലിംകുമാർ, പി എച്ച് ലത്വീഫ്, ഗാർഘി, വി എം ഓമന, പി എം കമല, ജിൻഷു, പ്രകാശൻ, അജി കൊളോണിയ തുടങ്ങിയവർ സംസാരിച്ചു. കൺവീനർ സി മണികുട്ടൻ സ്വാഗതവും ട്രഷറർ വി കെ വിനു നന്ദിയും പറഞ്ഞു.
