കല്‍പ്പറ്റ : 2025-26 വര്‍ഷം ഒന്നാം ക്ലാസ് മുതല്‍ 12ാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്കായി നടപ്പിലാക്കുന്ന സ്‌കൂള്‍ ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് പരിപാടിയുടെ ജില്ലാതല ഇന്റര്‍ സെക്ടറല്‍ യോഗവും പരിശീലനവും കല്‍പ്പറ്റ ഗ്രീന്‍ ഗേറ്റ്‌സ് ഹോട്ടലില്‍ നടന്നു. കുട്ടികളുടെ ശാരീരിക ആരോഗ്യം, ലൈംഗിക പ്രജനന ആരോഗ്യം, മാനസികാരോഗ്യം, സാമൂഹിക സുസ്ഥിതി എന്നീ നാല് മുഖ്യ മേഖലകളിലായി 11 ഇന പരിപാടികളാണ് നടപ്പിലാക്കുന്നത്. ആരോഗ്യവകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന പദ്ധതി പൊതുവിദ്യാഭ്യാസ, വനിത ശിശു വികസന, പട്ടിക വര്‍ഗ വികസന, തദ്ദേശ സ്വയംഭരണ വകുപ്പുകളുടെ പങ്കാളിത്തത്തോടെയാണ് നടപ്പിലാക്കുക.’ആരോഗ്യകരമായ തുടക്കം, പ്രതീക്ഷാനിര്‍ഭരമായ ഭാവി’ എന്ന ലോകാരോഗ്യ ദിനാചരണത്തിന്റെ ഈ വര്‍ഷത്തെ സന്ദേശം അടിസ്ഥാനമാക്കി നവജാത ശിശുക്കളുടെയും അമ്മമാരുടെയും സമഗ്ര ആരോഗ്യത്തിനുള്ള ഒരു വര്‍ഷം നീളുന്ന ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങളും ആസൂത്രണം ചെയ്തു. ജില്ലയില്‍ വീട്ടില്‍ നിന്നുള്ള പ്രസവങ്ങള്‍ ഇല്ലാതാക്കുക, എല്ലാ കുഞ്ഞുങ്ങള്‍ക്കും പൂര്‍ണ ഇമ്മ്യൂണൈസേഷന്‍ ഉറപ്പുവരുത്തുക, മാതൃശിശു മരണങ്ങള്‍ ഇല്ലാതാക്കുക എന്നിവയാണ് ക്യാമ്പയിന്‍ കാലയളവില്‍ ലക്ഷ്യമിടുന്നത്. ജില്ലാ ആര്‍ സി എച്ച് ഓഫീസര്‍ ഡോ. ജെറിന്‍ എസ് ജെറോഡ് വിഷയാവതരണം നടത്തി. സ്‌കൂള്‍ ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് പരിപാടിയെക്കുറിച്ച് മാനന്തവാടി ജില്ലാ ആശുപത്രി ആര്‍ എം ഒ ഡോ. ജി ആര്‍ ഫെസിനും അനീമിയ മുക്ത് ഭാരത് പരിപാടിയെക്കുറിച്ച് ജില്ലാ ആര്‍ സി എച്ച് ഓഫീസര്‍ ഡോ. ജെറിന്‍ എസ് ജെറോഡും ആര്‍ ബി എസ്‌കെ (രാഷ്ട്രീയ ബാല്‍ സ്വസ്ഥ്യ കാര്യക്രം) പരിപാടിയെക്കുറിച്ച് ജില്ലാ ആര്‍ ബി എസ് കെ കോര്‍ഡിനേറ്റര്‍ ബിന്‍സി ബാബുവും ആര്‍ കെ എസ് കെ (രാഷ്ട്രീയ കിഷോര്‍ സ്വസ്ഥ്യ കാര്യക്രം) പരിപാടിയെക്കുറിച്ച് അഡോളസന്റ് കൗണ്‍സലര്‍ ജാസ്മിന്‍ ബേബിയും പരിശീലനം നല്‍കി.
സ്‌കൂള്‍ ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് പരിപാടി; ജില്ലാതല ഏകോപന സമിതി യോഗവും, പരിശീലനവും സംഘടിപ്പിച്ചു.
