വയനാട് പുനരധിവാസത്തിന് ടൗണ്‍ഷിപ്പ്; പ്രാരംഭ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇന്ന് മുതല്‍ തുടങ്ങും.

കല്‍പ്പറ്റ: ഉരുള്‍പൊട്ടല്‍ പുനരധിവാസത്തിനായുള്ള ടൗണ്‍ഷിപ്പിന്റെ പ്രാരംഭ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇന്ന് മുതല്‍ തുടങ്ങും. വയനാട് ചുരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസത്തിനായുള്ള ടൗണ്‍ഷിപ് നിര്‍മാണത്തിനു ഭൂമി ഏറ്റെടുക്കുന്നതിനുള്ള തടസങ്ങള്‍ നീങ്ങി എല്‍സ്റ്റണ്‍ എസ്റ്റേറ്റിലെ 64 ഹെക്ടര്‍ ഭൂമി ഇന്നലെ സര്‍ക്കാര്‍ ഔദ്യോഗികമായി ഏറ്റെടുത്തതിന് പിന്നാലെയാണ് നിര്‍മ്മാണം ആരംഭിക്കുന്നത്. കോടതി നിര്‍ദ്ദേശപ്രകാരം 17 കോടി രൂപയും സര്‍ക്കാര്‍ കോടതിയില്‍ കെട്ടി വച്ചിട്ടുണ്ട്.

ഹൈക്കോടതി ഉത്തരവ് ലഭിച്ച് മണിക്കൂറുകള്‍ക്കുള്ളിലാണ് വയനാട് ജില്ലാ കളക്ടറും ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘം എസ്റ്റേറ്റിലെത്തി ഭൂമി ഏറ്റെടുക്കുന്നതായി നോട്ടീസ് പതിച്ചു. എസ്റ്റേറ്റ് ഉടമകള്‍ സുപ്രീംകോടതിയിലേക്ക് നീങ്ങുന്നത് കൂടി കണക്കിലെടുത്താണ് ഭൂമി ഏറ്റെടുക്കല്‍ നടപടി സര്‍ക്കാര്‍ വേഗത്തിലാക്കിയത്. ടൗണ്‍ഷിപ് നിര്‍മിക്കാനായി എല്‍സ്റ്റണ്‍ എസ്‌റ്റേറ്റ് ഏറ്റെടുക്കാമെന്നും ഇതിനായി നേരത്തെ നല്‍കിയ തുകയ്ക്കു പുറമെ 17 കോടി രൂപ കൂടി സര്‍ക്കാര്‍ കെട്ടിവയ്ക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.

ഹൈക്കോടതി രജിസ്ട്രാര്‍ നിശ്ചയിക്കുന്ന നിബന്ധനകള്‍ക്ക് വിധേയമായി ഈ തുക എസ്‌റ്റേറ്റ് ഉടമകള്‍ക്ക് പിന്‍വലിക്കാമെന്നും ചീഫ് ജസ്റ്റിസ് നിധിന്‍ ജാംദാര്‍, ജസ്റ്റിസ് എസ്. നു എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. സ്ഥലം ഏറ്റെടുക്കുന്നതു സംബന്ധിച്ച് ഹാരിസണ്‍, എല്‍സ്റ്റണ്‍ എസ്‌റ്റേറ്റുകള്‍ നല്‍കിയ ഹര്‍ജികള്‍ ഫയലില്‍ സ്വീകരിച്ചു. ഹര്‍ജികള്‍ ജൂലൈയില്‍ പരിഗണിക്കും.

Leave a Reply

Your email address will not be published. Required fields are marked *