അഡ്വഞ്ചർ ടൂറിസവുമായി കെ.എസ്.ആർ. ടി.സി. ഇനി രാത്രിയിലും ചീങ്ങേരിമല കയറാം

കൽപ്പറ്റ: സാഹസികതയും ആകാശ കാഴ്ചകളുമാണോ താല്പര്യം… എങ്കിൽ രാത്രി ചീങ്ങേരി മലയിലേക്ക് പോയാലോ.. ചീങ്ങേരി മലയിലേക്ക് സഞ്ചാരികള്‍ക്കായി രാത്രികാല അഡ്വഞ്ചര്‍ ടൂറിസവുമായി കെ എസ് ആര്‍ ടി സി. ടൂറിസം ബഡ്ജറ്റ് സെല്ലിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് ആദ്യമായി വയനാട് ജില്ലയിലാണ് നൈറ്റ് ഹില്‍ട്രക്കിംഗ് സഞ്ചാരികള്‍ക്കായി കെ എസ് ആര്‍ ടി സി ആരംഭിച്ചിരിക്കുന്നത്. ഡിറ്റിപിസിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. അമ്പലവയലില്‍ ഡി റ്റി പി സിയുടെ കീഴിലുള്ള ചീങ്ങേരിമലയിലേക്കാണ് സഞ്ചാരികളെയും കൊണ്ട് കെ എസ് ആര്‍ ടി സി കല്‍പ്പറ്റയില്‍ നിന്ന് ആദ്യ ട്രയല്‍റണ്‍ നടത്തിയത്. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാകമ്മറ്റി അംഗങ്ങളാണ് വയനാട് ഫെസ്റ്റിനെയും ടൂറിസത്തെയും പ്രമോട്ട് ചെയ്യുക എന്ന ലക്ഷ്യത്തോടെ കെ എസ് ആര്‍ ടി സി ബഡ്ജറ്റ് ടൂറിസം സെല്ലുമായി സഹകരിച്ച് നൈറ്റ് ഹില്‍ട്രക്കിംഗില്‍ പങ്കെടുത്തത്. ചീങ്ങേരി മലയുടെ അടിവാരത്തില്‍ നിന്ന് കാരപ്പുഴയുടെ സൗന്ദര്യവും നീലഗിരികുന്നുകളും ആസ്വദിച്ച് കണ്ട് മുകളിലേക്ക് കയറാം. കൃത്യമായി നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ ഗൈഡുമൊപ്പമുണ്ടാകും. തുടര്‍ന്ന് 3460 അടിഉയരത്തില്‍ മലയുടെ ഏറ്റവും മുകളിലെത്തി വീണ്ടും കാരാപ്പുഴയുടെ പശ്ചാതലത്തില്‍ സൂര്യാസ്തമയവും കണ്ട സുഖകരമായ കാലാവസ്ഥക്കൊപ്പം മണിക്കൂറുകളോളം ചെലവഴിച്ച ശേഷമാണ് മടക്കം. ഇതിനിടെ മലമുകളില്‍ നിന്ന് വയനാടിന്റെ സൗന്ദര്യം മുഴുവന്‍ മുന്നൂറ്റി അറുപത് ഡിഗ്രിയില്‍ ആസ്വദിക്കുകയും ചെയ്യാം. വരും ദിവസങ്ങളിലും കെ എസ് ആര്‍ ടി സി ജില്ലയില്‍ സഞ്ചാരികള്‍ക്കായി ഈ യാത്ര തുടരും. കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി ഡിപ്പോകളില്‍ നിന്നാണ് യാത്ര ആരംഭിക്കുക. ചീങ്ങേരി മലയില്‍ നിന്നുള്ള അസ്തമയവും കാരാപ്പുഴ ഡാമിന്റെ സൗന്ദര്യവും ആസ്വദിക്കാന്‍ ആനവണ്ടിയില്‍ യാത്രചെയ്യാന്‍ 7907305828, 9895937213 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.

Leave a Reply

Your email address will not be published. Required fields are marked *