മാനന്തവാടി : ഓസ്ട്രേലിയയില്‍ വെച്ച് നടന്ന ഇന്റര്‍നാഷണല്‍ ഫെഡറേഷന് ഓഫ് സെറിബ്രല്‍ പാള്‍സി ഏഷ്യാ-ഓഷ്യാനിയ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ ടീമംഗമായി പങ്കെടുത്ത മാനന്തവാടി ഇല്ലത്തുമൂല സ്വദേശി മുഹമ്മദ് അജ്നാസിന് മാനന്തവാടിയിൽ സ്വീകരണം നൽകി. മാനന്തവാടി നഗരസഭ, ജില്ലാ ഫുട്ബോൾ അസോസിയേഷൻ, മിലാനോ ക്ലബ്ബ്, ടീം കനിവ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലായിരുന്നു സ്വീകരണം. സ്വീകരണപരിപാടി ഇല്ലത്തുമൂലയിൽ വെച്ച് ഉദ്ഘാടനം ചെയ്തു. വാദ്യമേളങ്ങളുടെ അകമ്പടിയോടെ നാടിന്റെ അഭിമാന താരത്തെ സ്വീകരിച്ചാനയിച്ച പ്രകടനത്തിൽ ജനപ്രതിനിധികളും ഫുട്ബോൾ അസോസിയേഷൻ ഭാരവാഹികളും, ക്ലബ്ബ് ഭാരവാഹികളും സ്ത്രീകളും കുട്ടികളുമുൾപ്പെടെ പ്രദേശവാസികളടക്കം നിരവധിയാളുകൾ അണിനിരന്നു. മുഹമ്മദ് അജിനാസിനേയും കോച്ച്മാരായ ജോബിഷ്, അബ്ദുൽ ലത്തീഫ് എന്നിവരേയും ചടങ്ങിൽ ആദരിച്ചു. ജില്ലാ ഫുട്ബോൾ അസോസിയേഷന്റെ ഉപഹാരം സെക്രട്ടറി ബിനു തോമസ് അജ്നാസിന് കൈമാറി. ഇല്ലത്ത്മൂല സ്വദേശിയായ അജ്നാസ് മൂച്ചിക്കല്‍ അഷ്റഫ്-സുമയ്യ ദമ്പതികളുടെ മകനാണ്.
വയനാടിന്റെ അഭിമാന താരം മുഹമ്മദ് അജ്നാസിന് ആവേശോജ്ജല സ്വീകരണം നൽകി
