കല്‍പ്പറ്റ: സംസ്ഥാന സർക്കാരിന്‍റെ നാലാം വാർഷികത്തോടനുബന്ധിച്ച് ഇന്ന് ആരംഭിക്കുന്ന എന്‍റെ കേരളം പ്രദർശന വിപണനമേളയ്ക്ക് മുന്നോടിയായി നടന്ന ഘോഷയാത്രയില്‍ നാട് അണിനിരന്നു.
പട്ടികജാതി പട്ടികവർഗ പിന്നാക്ക ക്ഷേമമന്ത്രി ഒ.ആർ. കേളു, ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ, സുല്‍ത്താൻ ബത്തേരി നഗരസഭാ ചെയർമാൻ ടി.കെ. രമേശ്, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ജസ്റ്റിൻ ബേബി, സിനിമാതാരം അബു സലീം, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍ അണിനരന്ന വിളംബര ജാഥ എസ്കെഎംജെ സ്കൂളില്‍നിന്നും തുടങ്ങി കല്‍പ്പറ്റ പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് സമാപിച്ചു.
ശിങ്കാരമേളം, നാസിക് ഡോള്‍, പരുന്താട്ടം, ട്രൈബല്‍ ബാന്‍റ് മേളം, മുത്തുക്കുടകള്‍ എന്നിവയുടെ അകന്പടി നടന്ന ഘോഷയാത്രയില്‍ സർക്കാരിന്‍റെ വിവിധ വകുപ്പുകളും കുടുംബശ്രീ, സാക്ഷരതാ മിഷൻ, എസ്പിസി, എൻസിസി, എസ്ഡിഎംസി യൂണികളും അണിനിരന്നു. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഒഴിവാക്കൂ ഭൂമിയെ സംരക്ഷിക്കൂ എന്ന ബോധവത്കരണ പ്ലാക്കാർഡുകളുമായാണ് തദ്ദേശ സ്വയംഭരണ വകുപ്പ് വിഭാഗം ഘോഷയാത്രയില്‍ അണിനിരന്നത്.
വന പരിപാലനത്തിന്‍റെ കാവല്‍ക്കാരായ വനംസംരക്ഷണസമിതികളെയും അണിനരത്തി വനം വകുപ്പ് ഘോഷയാത്രയ്ക്ക് നിറം പകർന്നു. സർക്കാരിന്‍റെ വിവിധ വകുപ്പുകള്‍ പ്രത്യേകം ബാനറുകള്‍ക്ക് കീഴിലാണ് ഘോഷയാത്രയില്‍ പങ്കെടുത്തത്.
സുല്‍ത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സി. അസൈനാർ, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി, തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി.വി. ബാലകൃഷ്ണൻ, വാർഡ് കൗണ്‍സിലർ ടി. മണി, ജില്ലാ ഇൻഫർമേഷൻ ഓഫീസർ പി. റഷീദ് ബാബു, എല്‍എസ്ജിഡി ജോയിന്‍റ് ഡയറക്ടർ കെ.കെ. വിമല്‍രാജ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ബെന്നി ജോസഫ്, തൊഴിലുറപ്പ് ജില്ലാ കോഓർഡിനേറ്റർ പി.സി. മജീദ് എന്നിവർ വിളംബര ഘോഷയാത്രയ്ക്ക് നേതൃത്വം നല്‍കി. ഘോഷയാത്രയില്‍ നിരവധി ആളുകള്‍ അണിനിരന്നു.
