പിണങ്ങോട്: വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്തിലെ 12 -ാം വാർഡ് ഹൈസ്കൂൾകുന്ന് നിവാസികൾ കഴിഞ്ഞ 25 വർഷത്തിലധികമായി അനുഭവിക്കുന്ന ഹയർ സെക്കണ്ടറി സ്കൂൾ കോമ്പൗണ്ടിൽ നിന്ന് വരുന്ന മഴവെള്ള പ്രശ്നത്തിന് ശാശ്വതപരിഹാരം അടിയന്തിരമായി ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് പരിസരവാസികളുടെ നേതൃത്വത്തിൽ നടന്നുവരുന്ന അനിശ്ചിതകാല സമരം തുടരുകയാണ്.മഴക്കാലത്തും വേനൽമഴ പെയ്യുമ്പോഴും കോമ്പൗണ്ടിലെ വെള്ളം കുത്തിയൊലിച്ച് പരിസരത്തെ വീടുകളിലേക്കും മറ്റും എത്തി വലിയ നാശനഷ്ടം സംഭവിക്കുകയാണ്. വലിയ മഴപെയ്യുമ്പോൾ ഭീകരമാണ് അവസ്ഥ. വീടിൻ്റെ ചുമരിലേക്കും വീടിനകത്തേക്കും കിണറുകളിലേക്കും വെള്ളം എത്തുകയാണ്. ഇതിനിടയിൽ പല വീടുകൾക്കും നാശനഷ്ടം സംഭവിച്ചു. ചുമരുകളും മറ്റും തകർന്നു. കിണറുകൾ ചെളിവെള്ളം നിറഞ്ഞ് ഉപയോഗശൂന്യമായി. വീടുകളിൽ താമസിക്കുന്നവർക്കും നടന്നു പോകുന്നവർക്കും സുരക്ഷിതമല്ലാത്ത ഇടമായി പ്രദേശം മാറി. ഇത്രയും വർഷമായി പരിസരവാസികൾ സ്കൂൾ മാനേജ്മെൻ്റ് കമ്മിറ്റി, ഗ്രാമപഞ്ചായത്ത് ഉൾപ്പെടെയുള്ള തദ്ദേശസ്വയംഭരണ അധികൃതർ, വിവിധ ഡിപ്പാർട്ട്മെൻ്റ് അധികാരികൾ, ജില്ലാ കലക്ടർ തുടങ്ങി ബന്ധപ്പെട്ട സകല മേഖലകളിലും നിരന്തരം പരാതി നൽകാറുണ്ടെങ്കിലും ഇതേവരെയും ഒരു പരിഹാരവും ആയിട്ടില്ല. മഴക്കാലത്ത് പ്രശ്നം രൂക്ഷമാകുമ്പോൾ പരിസരവാസികളെ ചർച്ചക്ക് വിളിച്ച് പരിഹാരം കാണാം എന്ന് പറയുമ്പോഴും ഇന്ന് വരെ ഇതിൽ പരിഹാരം കാണാനായിട്ടില്ല. നാട്ടുകാരുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന ഈ പ്രശ്നം ഒരു തരത്തിലും പരിഹാരം കാണാത്ത പശ്ചാത്തലത്തിലാണ് പരിസരവാസികളുടെ നേതൃത്വത്തിൽ സ്കൂളിന് മുമ്പിൽ അനിശ്ചിതകാല സമരം ആരംഭിച്ചത്. സമരത്തിൽ വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ, പരിസരവാസികൾ, നാട്ടുകാർ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കഴിഞ്ഞ 8 ദിവസമായി സമരം നടക്കുന്നത്.ഇത്രയും ദിവസമായിട്ടും ബന്ധപ്പെട്ട അധികാരികൾ പരിഹാരത്തിന് ഒരു ശ്രമവും നടത്താത്ത പശ്ചാത്തലത്തിലാണ് സമരം ശക്തമാക്കാൻ സമരസമിതി തീരുമാനിച്ചത്. രാവിലെ സ്കൂൾ ഉപരോധം അടക്കമുള്ള ശക്തമായ സമരത്തിലേക്ക് നീങ്ങിയിട്ടുണ്ട്. ഇനിയും പരിഹാരം കണ്ടില്ലെങ്കിൽ ശക്തമായ സമരപരിപാടികൾക്ക് സമരസമിതി രൂപം നൽകി ഇതിൻ്റെ ഭാഗമായി ഏപ്രിൽ 23 ന് വൈകിട്ട് പിന്നങ്ങോട് ടൗണിൽ പ്രതിഷേധ സംഗമം സംഘടിപ്പിക്കാനും പരിഹാരമായില്ലെങ്കിൽ WMO മുട്ടിൽ മാനേജ്മെൻ്റ് ഓഫീസിലേക്ക് സമര സമിതിയുടെ നേതൃത്വത്തിൽ മാർച്ച് സംഘടിപ്പിക്കാനും തീരുമാനിച്ചു. ഇന്ന് നടന്ന ഉപരോധം വാർഡ് മെമ്പർ അൻവർ കെ. പി. ഉദ്ഘാടനം ചെയ്തു. വിവിധ രാഷ്ട്രീയ,സാമൂഹിക കക്ഷി നേതാക്കൾ പങ്കെടുത്തു. ഉണ്ണിക്കൃഷ്ണൻ, പി.പി. അഷ്റഫ്, ഫൈസൽ മാസ്റ്റർ, പി. ജി. ആനന്ദകുമാർ, പി.ജംഷിദ് ബാവ, മുരളീധരൻ കെ, വേണുഗോപാൽ, മുസ്തഫ മാസ്റ്റർ, സുബൈർ പി.എം,എ.പി. സാലിഹ്, സലിം കുന്നത്ത് എന്നിവർ സംസാരിച്ചു.
