കൽപ്പറ്റ : അന്ധവിശ്വാസ നിർമ്മാർജ്ജനനിയമം നിർമ്മിച്ച് കൊണ്ട് കേരളത്തിലെ എല്ലാ ജില്ലാ കലക്ടറേറ്റുകളിലേക്കും കേരള യുക്തിവാദി സംഘത്തിൻ്റെ നേതൃത്വത്തിൽ ഏപ്രിൽ 24 ന് നടത്തുന്ന മാർച്ചിൻ്റേയും നിവേദന സമർപ്പണത്തിൻ്റേയും ഭാഗമായി വയനാട് ജില്ലാ കലക്ട്രേറ്റ് മാർച്ച് ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന കമ്മറ്റി അംഗവും ലൈബ്രറി കൗൺസിൽ ജില്ലാ എക്സികുട്ടീവ് കമ്മിറ്റി അംഗവുമായ പി.സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. കേരള യുക്തിവാദി സംഘവും പരിഷത്ത് പോലുള്ള ഇതര സാമൂഹ്യ സാംസ്കാരിക സംഘടനകളും വർഷങ്ങളായി സർക്കാരിനോട് നിരന്തരമായി ആവശ്യപ്പെടുന്നതും ,കരട് ബില്ല് തയ്യാറാക്കി സമർപ്പിച്ചിട്ടുള്ളതുമായ ആവശ്യങ്ങൾ നവോത്ഥാനമൂല്യങ്ങളെ നാമാവശേഷമാക്കുന്ന രീതിയിൽ കമ്പോളവൽക്കരണത്തിൻ്റെ ഭാഗമായി അനാചാരങ്ങളേയും അന്ധവിശ്വാസങ്ങളേയും തിരിച്ചു കൊണ്ടുവരാനുള്ള ബോധപൂർവ്വമായ ശ്രമങ്ങൾ മതങ്ങളുടെ മറവിൽ ഇവിടെ നടക്കുമ്പോൾ പരിഗണിക്കുകയും ഇത്തരം ഒരു നിയമ നിർമ്മാണം കൊണ്ടുവരേണ്ടത് അനിവാര്യമാണെന്നും ഉദ്ഘാടകൻ വ്യക്തമാക്കി. മനുഷ്യാവകാശ സംഘടനയുടെ ജില്ലാ സെക്രട്ടറി കെ.വി.ഗോഗുൽ ദാസ്, സി. പി. ഐ. റഡ് ഫ്ലാഗ് ജില്ലാ സെക്രട്ടറി പ്രകാശൻ കെ.വി. എന്നിവർ മാർച്ചിന് ആശംസകൾ അർപ്പിച്ചു. സംഘം ജില്ലാ പ്രസിഡൻ്റ് രാജൻ കുളത്താട അധ്യക്ഷത വഹിച്ച യോഗത്തിൽ സന്തോഷ് കെ സ്വാഗതവും എം.ടി ഔസേഫ് നന്ദിയും രേഖപ്പെടുത്തി. സംഘടയുടെ ജില്ലാ ഭാരവാഹികൾ മാർച്ചിന് നേതൃത്വം നൽകി.
കേരള യുക്തിവാദി സംഘം കലക്ട്രേറ്റ് മാർച്ച് നടത്തി
