മാനന്തവാടി: ആശാവർക്കർമാരുടെ സമരം ഐതിഹാസിക സമരമാണെന്ന് മുൻ മുൻ മന്ത്രി പി കെ ജയലക്ഷമി പറഞ്ഞു. മെയ് 5 ന് കാസർഗോഡ് നിന്നാരംഭിച്ച ആശമാരുടെ സമരയാത്രയുടെ വയനാട് ജില്ലാ പര്യടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ന്യായമായ ആവശ്യങ്ങൾക്ക് വേണ്ടിയാണ് ആശമാർ സമരം ചെയ്യുന്നത്. അതിജീവനത്തിന്റെ സമരമാണിത്. അവരുടെ ആവശ്യങ്ങൾ കണ്ടില്ലെന്ന് നടിക്കുന്ന സർക്കാർ സമീപനം ശരിയല്ല. ഇനിയെങ്കിലും സമരത്തിന് അനുകൂല സമീപനം സർക്കാർ സ്വീകരിക്കണമെന്ന് അവർ പറഞ്ഞു.സമരയാത്രാ ക്യാപ്റ്റൻ കേരള ആശാ ഹെൽത്ത് വർക്കേഴ്സ‌് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എംഎ ബിന്ധുവിനെ ആശാവർക്കർമാരായ വത്സാ ജോസും ശാന്താ കൃഷ്ണനും പൊന്നാടയണിച്ചു സ്വീകരിച്ചു. നഗരസഭചെയർപേഴ്സൺ സി. കെ രത്നവല്ലി അധ്യക്ഷത വഹിച്ച യോഗത്തിൽ നഗരസഭ കൗൺസിലർ പി.വി ജോർജ്,കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സുനിൽ ആലിക്കൽ, മഹിളാ കോൺഗ്രസ് മാനന്തവാടി മണ്ഡലം പ്രസിഡൻ്റ് ആശാ ഐപ്പ്, കെ എ എച്ച് ഡബ്ല്യു എ സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ പി റോസമ്മ,സ്വാഗത സംഘം ജോയിൻ്റ് കൺവീനർ പി കെ ഭഗത് എന്നിവർ സംസാരിച്ചു.
