സാസ്ക്കി ഫണ്ട് വകയിരുത്തി; 378.57 കോടി രൂപയുടെ പ്രവർത്തികൾക്ക് ഭരണാനുമതി

കൽപ്പറ്റ: അതിതീവ്രദുരന്തങ്ങൾ നേരിടുന്ന സംസ്ഥാനങ്ങൾക്ക് കേന്ദ്രസർക്കാർ അനുവദിക്കുന്ന സാസ്കി ഫണ്ട് വകയിരുത്തി, ജില്ലയിൽ 378.57 കോടി രൂപയുടെ അടിസ്ഥാനവികസന പദ്ധതികൾക്ക് ഭരണാനുമതി ലഭിച്ചതായി കളക്ടറേറ്റിലെ മിനി കോൺഫറൻസ് ഹാളിൽ വച്ച് ചേർന്ന യോഗത്തിൽ ബഹുമാനപ്പെട്ട പട്ടികജാതി-പട്ടികവർഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു അറിയിച്ചു.

മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്കായി ഒരുങ്ങുന്ന ടൗൺഷിപ്പ് നിർമ്മാണത്തിലേക്ക് 111.32 കോടിയും, ടൗൺഷിപ്പിലെ റോഡ് നിർമ്മാണ പ്രവർത്തികൾക്ക് 87 കോടിയും വകയിരുത്തി. പുന്നപ്പുഴയിലെ ദുരന്താവശിഷ്ടങ്ങൾ നീക്കം ചെയ്യാൻ 65 കോടി, ചൂരൽമല-അട്ടമല റോഡ് പുനർ നിർമ്മാണം 38 കോടി, വൈത്തിരി താലൂക്ക് ആശുപത്രി വികസനത്തിന് 15 കോടി, കെൽസ്റ്റൺ എസ്റ്റേറ്റിലെ കെ.എസ്.ഇ.ബി 110 കെ.വി സബ്സ്റ്റേഷൻ നിർമ്മാണത്തിന് 13.5 കോടി,ജില്ലയിലെ വിവിധ ഇടങ്ങളിൽ ഹെലിപാഡ് നിർമ്മാണത്തിന് 9 കോടി എന്നിങ്ങനെയാണ് മറ്റു വികസന പ്രവർത്തനങ്ങൾക്കുള്ള ഫണ്ട് വകയിരുത്തൽ. കൂടാതെ കോട്ടത്തറ, തവിഞ്ഞാൽ,തരിയോട്, മുള്ളൻകൊല്ലി, പടിഞ്ഞാറത്തറ, പനമരം,മേപ്പാടി, മൂപ്പൈനാട് എന്നീ ഗ്രാമപഞ്ചായത്തുകളിൽ മൾട്ടി പർപ്പസ് ഷെൽട്ടർ ഹോമുകൾ നിർമ്മിക്കാൻ 28 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *