അനിയന്ത്രിത, നിയമവിരുദ്ധ ടൂറിസം കേന്ദ്രങ്ങൾക്കെതിരെ ജനങ്ങൾ രംഗത്തിറങ്ങണം: പ്രകൃതി സംരക്ഷണ സമിതി

കൽപ്പറ്റ : ആദിവാസി, കർഷക വിരുദ്ധവും വനം-വന്യജീവി വിരുദ്ധവുമായ വയനാട്ടിലെ അനിയന്ത്രിത നിയമവിരുദ്ധ ടൂറിസം കേന്ദ്രങ്ങൾക്കെതിരെ ജനങ്ങൾ രംഗത്തിറങ്ങണമെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി ആവശ്യപ്പെട്ടു. തൊള്ളായിരംകണ്ടിയിൽ യുവതി ദാരുണമായി കൊല്ലപ്പെട്ടതിനെ തുടർന്ന് രാഷ്ട്രീയപാർട്ടികളും പഞ്ചായത്ത് സമിതികളും ജനപ്രതിനിധികളും ഒഴുക്കിക്കൊണ്ടിരിക്കുന്നത് മുതലക്കണ്ണീരാണ്.

വയനാട്ടിൽ 2500 ൽ അധികം നിയമവിരുദ്ധ റിസോർട്ടുകൾ പ്രവർത്തിക്കുന്ന വിവരം രാഷ്ട്രീയ നേതാക്കൾക്കും പഞ്ചായത്ത് മെമ്പർമാർക്കും എം എൽ എമാർക്കും മന്ത്രിമാർക്കും ജില്ലാ ഭരണകൂടത്തിനും വനംവകുപ്പിനും ജില്ലാ പോലീസിനും ജില്ലാ കലക്ടർക്കും ടൂറിസം ഡിപ്പാർട്ടുമെൻ്റിനും അറിയാം. വയനാട്ടിൽ നാൾക്കുനാൾ വർധിച്ചു കൊണ്ടിരിക്കുന്ന വന്യജീവി മനുഷ്യ സംഘർഷത്തിൻ്റെ മൂലകാരണവും ഇത്തരം റിസോർട്ടുകളാണ്. അവർ വന്യജീവികളെ ഭക്ഷണം കൊടുത്തും മറ്റു വിധത്തിലും ജനവാസ മേഖലയിലേക്ക് ആകർഷിക്കുകയാണ്.
വയനാടൻ ടൂറിസത്തിൻ്റെ സ്ഥിരമായ നിലനിൽപ്പിനും വയനാടിൻ്റെ നിലനിൽപ്പിനും ഉതകുന്ന മാസ്റ്റർ പ്ലാൻ ഉണ്ടാക്കാൻ സർക്കാർ തയ്യാറാകണം. മലഞ്ചരിവുകളിലെയും ആദിവാസി -വന്യജീവി ആവാസമേഖലയിലെയും ടൂറിസം കർക്കശമായി നിരോധിക്കണം. അവിടുത്തെ നിർമ്മിതികൾ പൊളിച്ചു നീക്കണം. വയനാടിൻ്റെ കാരിയിംഗ് കപ്പാസിറ്റി നിർണ്ണയിക്കണം, വാഹനങ്ങളുടെ കുത്തൊഴുക്ക് നിയന്ത്രിക്കണം, ഓഫ് റോഡ് റെയിഡിംഗ്, ടെൻ്റ് ടൂറിസം , ഗ്ലാസ്സ് ബ്രിഡ്ജുകൾ എന്നിവ നിരോധിക്കണം. കൂടാതെ അനിയന്ത്രിത ടൂറിസത്തെക്കുറിച്ച് പഠിക്കാൻ വിദഗ്ധ സമിതി രൂപീകരിക്കണം. യോഗത്തിൽ എൻ ബാദുഷ അധ്യക്ഷത വഹിച്ചു. തോമസ് അമ്പലവയൽ, എം ഗംഗാധരൻ, ബാബു മൈലമ്പാടി, സണ്ണി മരക്കാവടവ്, പി എം സുരേഷ്, എ വി മനോജ്, രാമകൃഷ്ണൻ തച്ചമ്പത്ത് സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *