ശക്തമായ കാറ്റിലും മഴയിലും ജില്ലയിലെ വിവിധയിടങ്ങളില്‍ വൈദ്യുതി നിലച്ചിട്ട് മൂന്ന് ദിവസം

മാനന്തവാടി: ശക്തമായ കാറ്റിലും മഴയിലും വയനാട് ജില്ലയിലെ വിവിധയിടങ്ങളില്‍ വൈദ്യുതി നിലച്ചിട്ട് മൂന്ന് ദിവസങ്ങളായി. തവിഞ്ഞാല്‍, തൊണ്ടര്‍നാട്, വെള്ളമുണ്ട പഞ്ചായത്തിലെ വിവിധയിടങ്ങളിലാണ് വൈദ്യുതി നിലച്ചിട്ട് മൂന്ന് ദിവസമായത്. വേനല്‍ കാലത്ത് ചാറ്റല്‍ മഴ പെയ്താല്‍ പോലും വൈദ്യുതി നിലക്കുന്ന സാഹചര്യമാണ് തവിഞ്ഞാല്‍ പഞ്ചായത്തിലെ തലപ്പുഴ കാപ്പിക്കളം ഭാഗത്തുള്ളവര്‍ക്കെന്നും, നിരവധി തവണ പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലന്ന് കാപ്പിക്കളം നിവാസികള്‍ പറയുന്നു വെള്ളമുണ്ട, കോറോം, പേരിയ, വാളാട്, തലപ്പുഴ എന്നീ പ്രധാന ടൗണുകളിലൊക്കെ വൈദ്യുതി നിലച്ചിരിക്കുകയാണ്. കെഎസ്ഇബി ഓഫീസുകളിലേക്ക് ബന്ധപ്പെടാന്‍ ശ്രമിക്കുമ്പോള്‍ ലഭ്യമാകുന്നില്ലെന്നും, അഥവാ ഫോണ്‍ എടുത്താല്‍ കൃത്യമായ മറുപടി ലഭിക്കുന്നില്ലെന്നും നാട്ടുകാര്‍ പരാതി പറയുന്നു. മഴക്കാലത്തിന് മുന്നോടിയായുള്ള ടച്ചിങ് വര്‍ക്കുകള്‍ കൃത്യമായി നടത്താത്തതിനാലാണ് കണക്ഷന്‍ ലഭ്യമാക്കാന്‍ കഴിയാത്തതെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. എന്നാല്‍ ചില ഭാഗങ്ങളില്‍ കാറ്റില്‍ മരങ്ങള്‍ കടപുഴകിയതോടെ വൈദ്യുതി നിലച്ചതാണെന്നും, കണക്ഷന്‍ ലഭ്യമാക്കാന്‍ തീവ്ര ശ്രമത്തിലാണെന്നും കെഎസ്ഇബി അധികൃതര്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *