കർഷകനായ പി.എ ജോയിക്ക് വനം വകുപ്പ് നഷ്ടപരിഹാര തുക കൈമാറി

മുള്ളൻകൊല്ലി: മുള്ളൻകൊല്ലി പഞ്ചായത്തിൽ കബനിഗിരി ഭാഗത്ത് പുലിയുടെ ആക്രമണത്തിൽ ആടുകൾ നഷ്‌ടപ്പെട്ട ക്ഷീര കർഷകനായ പി.എ ജോയിക്ക് വനം വകുപ്പ് നഷ്ട‌പരിഹാര തുക കൈമാറി. കബനിഗിരി ഭാഗത്ത് ഇക്കഴിഞ്ഞ മെയ് 22 ,24 തിയ്യതികളിൽ പുലി ഇറങ്ങി പി.എ. ജോയി എന്നയാളുടെ 3 ആടുകളെ കൊലപ്പെടുത്തിയിരുന്നു. 22 ആം തിയ്യതി പുലിയുടെ ആക്രമണത്തിൽ ഒരു ആടിനെ കൂട്ടിൽ കൊല്ലപ്പെട്ട നിലയിലും മറ്റൊരാടിനെ പരിക്കേറ്റ നിലയിലും കണ്ടിരുന്നു. പരിക്കേറ്റ ആട് പിറ്റേ ദിവസം ചത്തിരുന്നു. തുടർന്ന് 24 ആം തിയ്യതി വീണ്ടും പുലി ഗർഭിണിയായ അവശേഷിക്കുന്ന ആടിനെ കൊലപ്പെടുത്തി ഭക്ഷിച്ചിരുന്നു. മൂന്ന് ആടുകളെയും നഷ്‌ടപ്പെട്ട കർഷകൻ്റെ വേദന പത്ര ദൃശ്യ മാധ്യമങ്ങളിൽ വന്നിരുന്നു. മൂന്ന് ആടുകൾക്ക് നഷ്ടപരിഹാരമായി 75000 രൂപയുടെ ചെക്ക് 26.05.25 നു തന്നെ സൗത്ത് വയനാട് ഡി.എഫ്.ഒ അജിത്.കെ.രാമൻ അനുവദിക്കുകയും, ചെക്ക് ഇന്ന് മുള്ളൻ കൊല്ലി പഞ്ചായത്തു പ്രസിഡന്റ് പി.കെ. വിജയന്റെ സാന്നിധ്യത്തിൽ ചെതലത്ത് റെയിഞ്ച് ഓഫീസർ എം.കെ. രാജീവ് കുമാർ കർഷകൻ പി.എ.ജോയ്ക്ക് കൈമാറുകയും ചെയ്‌തു. വാർഡ് മെമ്പർ അമ്മിണി സന്തോഷ്, ഫോറസ്റ്റ് ഉദ്യോഗസ്ഥരായ പി. യു. സുരേന്ദ്രൻ, താരാനാഥ്, ശ്രീജിത്, രവീന്ദ്രൻ, ശിവൻ എന്നിവർ സന്നിഹിതരായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *