ജില്ലയിൽ ‘ആരോഗ്യം ആനന്ദം’ രണ്ടാംഘട്ടത്തിന് തുടക്കമായി.

കൽപ്പറ്റ: ‘ആരോഗ്യം ആനന്ദം 2.0’ എന്ന പേരിൽ ക്യാൻസർ പ്രതിരോധ ജനകീയ ക്യാമ്പയിനിൻ്റെ രണ്ടാം ഘട്ടത്തിന് ജില്ലയിൽ തുടക്കമായി. ആദ്യഘട്ടത്തിൽ സ്ത്രീകളിലെ സ്തനാർബുദം ഗർഭാശയ ഗള ക്യാൻസർ എന്നിവയുടെ സ്ക്രീനിങ്ങും ചികിത്സയും വിജയകരമായി പൂർത്തീകരിച്ചതിൻ്റെ തുടർച്ചയായി രണ്ടാംഘട്ടത്തിൽ പുരുഷന്മാരിലെ അർബുദ പരിശോധനക്ക് പ്രാധാന്യം നൽകിയാണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്. വദനാർബുദം, വൻകുടലിലെ ക്യാൻസർ എന്നിവയുടെ സ്ക്രീനിങ്ങും ചികിത്സയും ക്യാൻസർ പ്രതിരോധ ബോധവൽക്കരണ പരിപാടികളുമാണ് രണ്ടാം ഘട്ടത്തിൽ ലക്ഷ്യമിടുന്നത്. പുരുഷന്മാരിലെ അർബുദത്തിന് പ്രധാന കാരണമായ പുകയിലയുടെ ഉപയോഗത്തിനെതിരെ ജനകീയ ക്യാമ്പയിൻ സംഘടിപ്പിക്കും. ജില്ലയിലെ മുഴുവൻ വിദ്യാലയങ്ങളെയും പുകയില ലഹരി വിമുക്തമായി പ്രഖ്യാപിക്കുന്നതിനുള്ള പുകയില ലഹരി വിമുക്ത വിദ്യാലയ പരിപാടിയും ഉന്നതികളെ പുകയില വിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ പുകയില വിമുക്ത ഉന്നതി പദ്ധതിയും ക്യാമ്പയിനിൻ്റെ ഭാഗമായി നടപ്പിലാക്കും . പുകയില – ലഹരി ഉപയോഗത്തിൽ നിന്ന് വിമുക്തി നേടുന്നതിനുള്ള കൗൺസെലിങ് ക്ലിനിക്കുകൾ ശക്തിപ്പെടുത്തും. അർബുദം ആദ്യഘട്ടത്തിൽ തന്നെ കണ്ടെത്തുന്നതിനായി ജില്ലയിൽ വ്യാപകമായി സ്ക്രീനിംഗ് നടത്തുകയും ലക്ഷണങ്ങളുള്ളവരെ വിദഗ്ധ പരിശോധനക്ക് വിധേയമാക്കി ചികിത്സ നൽകുകയും ചെയ്യും.

ക്യാംപയിനിൻ്റെയും ലോക പുകയില രഹിത ദിനാചരണത്തിൻ്റെയും ജില്ലാതല ഉദ്ഘാടനം പനമരം ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്കൂളിൽ വച്ച് പനമരം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ലക്ഷ്മി ആലക്കാമുറ്റം നിർവഹിച്ചു. പനമരം ഗ്രാമപഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ സുബൈർ കെ ടി അധ്യക്ഷത വഹിച്ചു . ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ ജുനൈദ് കൈപ്പാണി പുകയില-ലഹരി മുക്ത വിദ്യാലയ പരിപാടിയുടെ മാർഗരേഖ പ്രകാശനം ചെയ്തുകൊണ്ട് മുഖ്യ പ്രഭാഷണം നടത്തി. പനമരം ഗ്രാമപഞ്ചായത്ത് മെമ്പർ സുനിൽകുമാർ പുകയില ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ സമീഹ സൈതലവി പുകയില രഹിത ദിനാചരണ സന്ദേശം നൽകി. എൻ പി എൻ സി ഡി ജില്ലാ നോഡൽ ഓഫീസർ ഡോ. ദീപ കെ ആർ പുകയില- ലഹരി വിമുക്ത വിദ്യാലയ പരിപാടിയെകുറിച്ചും , ആർദ്രം ജില്ലാ നോഡൽ ഓഫീസർ ഡോ സുഷമ പി എസ് ആരോഗ്യം ആനന്ദം 2.0 ക്യാമ്പയിനെകുറിച്ചും വിഷയാവതരണം നടത്തി. അസി എക്സൈസ് കമ്മീഷണർ എ ജെ ഷാജി ,പനമരം കമ്മ്യൂണിറ്റി ഹെൽത്ത് സെൻറർ മെഡിക്കൽ ഓഫീസർ ഡോ. പി പി വത്സല,ജില്ലാ എജ്യുക്കേഷൻ ആൻ്റ് മീഡിയ ഓഫീസർ കെ എം മുസ്തഫ, ഡെപ്യൂട്ടി ജില്ലാ എജ്യുക്കേഷൻ ആൻ്റ് മീഡിയ ഓഫീസർ വിൻസെൻ്റ് സിറിൾ ,നേഴ്സിങ് സ്കൂൾ പ്രിൻസിപ്പാൾ ബിജി തോമസ്, ബയോളജിസ്റ്റ് ബിന്ദു, ടെക്നിക്കൽ അസിസ്റ്റൻറ് മനോജ് കുമാർ സി കെ, ട്രൈബൽ ഓഫീസർ ഷില്ലി, ജില്ലാ നഴ്സിംഗ് ഓഫീസർ ബിനിമോൾ തോമസ്, സി ഡി പി ഓ അനിത, സി പി ഓ ഇബ്രാഹിംകുട്ടി, പനമരം ഹെൽത്ത് ഇൻസ്പെക്ടർ രാജേഷ് എന്നിവർ സംസാരിച്ചു.ഇമാം ഗസാലി കോളേജ് വിദ്യാർത്ഥിപ്രതിനിധി ഉനൈസ് ‘സെ നോ ടു ടുബാക്കോ ആൻ്റ് ഡ്രഗ്സ്’ സിഗ്നേച്ചർ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു. വിദ്യാലയത്തിലെ ജൈവ ഉദ്യാനത്തിൽ ലഹരി വിരുദ്ധ ആരോഗ്യ വൃക്ഷം നട്ടു.

Leave a Reply

Your email address will not be published. Required fields are marked *