തലപ്പുഴ ചുങ്കം മുനവ്വിറുൽ ഇസ്ലാം ഹയർ സെക്കൻഡറി മദ്രസയിൽ പാർലമെന്റ് തിരഞ്ഞെടുപ്പ് സംഘടിപ്പിച്ചു.

തലപ്പുഴ: വിദ്യാർത്ഥികൾക്കിടയിൽ ജനാധിപത്യ ബോധം വളർത്തുന്നതിന്റെ ഭാഗമായി തലപ്പുഴ ചുങ്കം മുനവ്വിറുൽ ഇസ്ലാം ഹയർ സെക്കൻഡറി മദ്രസയിൽ, മദ്രസ പാർലമെന്റ് തിരഞ്ഞെടുപ്പ് സംഘടിപ്പിച്ചു. ജനാധിപത്യത്തിന്റെ പ്രാധാന്യവും, ജനാധിപത്യ തിരഞ്ഞെടുപ്പിന്റെ പ്രക്രിയകളും വിദ്യാർത്ഥികൾക്ക് മനസ്സിലാക്കിക്കൊടുക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു തിരഞ്ഞെടുപ്പ്. ഡിജിറ്റൽ ഇവിഎം ഉപയോഗിച്ച് യഥാർത്ഥ തിരഞ്ഞെടുപ്പിനെ ഓർമിപ്പിക്കും വിധം സ്കൂൾ, മദ്രസ തിരഞ്ഞെടുപ്പിൽ നിന്നും തികച്ചും വ്യത്യസ്തമായാണ് തിരഞ്ഞെടുപ്പ് നടത്തിയത്. മദ്രസ ലീഡർമാർ , ക്ലാസ് ലീഡർമാർ എന്നീ സ്ഥാനങ്ങളിലേക്കായിരുന്നു മത്സരം. യാക്കൂത്ത് , മർജ്ജാൻ എന്നീ രണ്ട് മുന്നണികളിൽ നിന്ന് വിവിധ വിദ്യാർത്ഥികൾ മത്സരത്തിന്റെ ഭാഗമായി.വ്യാഴാഴ്ചയാണ് തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്നത് . ആകെയുള്ള 277 വിദ്യാർത്ഥികളിൽ 246 പേർ വോട്ട് ചെയ്തു.88.80 ശതമാനമാണ് പോളിംഗ് നില. വിദ്യാർത്ഥികൾക്ക് പുറമെ അധ്യാപകർക്കും വോട്ടിംഗ് യോഗ്യതയുണ്ട്. വിമാനം, ബൈക്ക്, കാർ , ഫുട്ബോൾ, മോതിരം, മുല്ലപ്പൂ, തസ്ബീഹ് മാല , വാച്ച് , റോസാപ്പൂ എന്നീ വ്യത്യസ്തത ചിഹ്നങ്ങൾ തിരഞ്ഞെടുത്താണ് വിദ്യാർത്ഥികൾ മത്സര രംഗത്തിറങ്ങിയത്. തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ കൃത്യമായി പാലിച്ചുകൊണ്ട് പ്രിസൈഡിംഗ് ഓഫീസർ അബ്ബാസ് ഹാജി തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. മഹല്ല് ഖത്തീബ് അബുതാഹിർ ബാഖവി ഡിജിറ്റൽ വോട്ടെടുപ്പ് സംവിധാനങ്ങൾ സജ്ജീകരിച്ചു. ഇലെക്ഷൻ ഓഫീസര്മാരായി മഹല്ല് പ്രസിഡന്റ് എ കെ അബ്ദുൽ റഹ്മാൻ,വി കെ മുഹമ്മദലി,കുണ്ട്ലൊട്ട്‌ മുനീർ ഹാജി ,പി കെ ജമാൽ, കെ ഫൈസൽ , കുണ്ടലോട്ട് ഖാദർ ഹാജി , നിയാസ് നാച്ചു എന്നിവർ വിവിധ ചുമതലകൾ നിർവഹിച്ചു. ഷഫീക് മൗലവി, ഷൗക്കത്ത് യമാനി, ഹുസ്സൈൻ മൗലവി, ഷക്കീർ സഖാഫി, അബൂബക്കർ മൗലവി എന്നിവർ വിദ്യാർത്ഥികളെ സജീകരിക്കുകയും തിരഞ്ഞെടുപ്പിന്റെ അച്ചടക്കം നിയന്ത്രിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *