മാനന്തവാടി മെഡിക്കൽ കോളേജിൽ ആംബുലൻസ് നന്നാക്കാൻ എസ്റ്റിമേറ്റായി സിടി സ്‌കാൻ യന്ത്രത്തിന് ഫണ്ട് വകയിരുത്തി

മാനന്തവാടി: മാനന്തവാടി ഗവ. മെഡിക്കൽ കോളേജിൽ ഐസിയു ആംബുലൻസ് നന്നാക്കാനുള്ള എസ്റ്റിമേറ്റ് തയ്യാറാക്കി ആരോഗ്യ വകുപ്പ് ഡയറക്ടരുടെ അനുമതിയ്ക്കായി അയച്ചതായും പുതിയ സിടി സ്‌കാൻ യന്ത്രം വാങ്ങാൻ ഫണ്ട് വകയിരുത്തിയതായും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ഐസിയു ആംബുലൻസിന്റെ ഗിയർ ബോക്‌സിന് തകരാർ സംഭവിച്ചതിനെ തുടർന്ന് ഇക്കഴിഞ്ഞ ഏപ്രിൽ 17 ന് സർക്കാർ അക്രഡിറ്റഡ് സർവീസ് സ്റ്റേഷനിൽ എത്തിക്കുകയും ഫോർമാൻ പരിശോധനയ്ക്ക് ശേഷം 55,000 രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കുകയും ചെയ്തിട്ടുണ്ട്. ഈ എസ്റ്റിമേറ്റ് ആരോഗ്യവകുപ്പ് ഡയറക്ടറുടെ ഓഫീസിലേക്ക് അനുമതിക്കായി നൽകി. അനുമതി ലഭ്യമാകുന്ന ഉടനെ പ്രവൃത്തി പൂർത്തീകരിച്ച് ഐസിയു ആംബുലൻസ് പ്രവർത്തനം ആരംഭിക്കുമെന്ന് ഡിഎംഒ ഡോ. ടി മോഹൻദാസ് വ്യക്തമാക്കി. മെഡിക്കൽ കോളേജിൽ 2024 വരെ പ്രവർത്തിച്ചിരുന്ന സിടി സ്‌കാൻ യന്ത്രത്തിന് 14 വർഷത്തെ പഴക്കമുണ്ടായിരുന്നു. 2022 മുതൽ പുതിയ ഉപകരണത്തിനായി നിർദേശം നൽകി. കഴിഞ്ഞ വർഷം നടന്ന മുഖ്യമന്ത്രിയുടെ നവകേരള സദസ്സിൽ പാസാക്കിയ 7 കോടി രൂപയുടെ പദ്ധതിയിൽ 3.95 കോടി രൂപ ഈ ഉപകരണത്തിനായി ഉൾപ്പെടുത്തിയിട്ടുണ്ട്. വയനാട് പാക്കേജിലും പുതിയ സിടി സ്‌കാൻ യന്ത്രത്തിനായി നൽകിയ നിർദേശം പരിഗണനയിലാണ്. ഈ വർഷത്തെ ബജറ്റിലും ഇതിനായി തുക വകയിരുത്തി. നിലവിൽ, മെഡിക്കൽ കോളേജിൽ സിടി സ്‌കാനിംഗ് യന്ത്രം പ്രവർത്തിക്കാത്തതിനാൽ രോഗികളെ നല്ലൂർനാട് അംബേദ്കർ മെമ്മോറിയൽ ആശുപത്രിയിലേക്കാണ് റഫർ ചെയ്യുന്നത്, ഡിഎംഒ വിശദീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *