കുട്ടികൾക്ക് പോഷകാഹാരം സുപ്രധാനം: മന്ത്രി ഒ ആർ കേളു

തിരുനെല്ലി: പോഷകാഹാരം ആരോഗ്യത്തിന് അത്യാവശ്യമാണെന്ന കാര്യം മറക്കരുതെന്നും കുട്ടികൾക്ക് എപ്പോഴും പോഷകം നിറഞ്ഞ ഭക്ഷണം നൽകണമെന്നും പട്ടികജാതി – പട്ടികവർഗ – പിന്നോക്കക്ഷേമ വകുപ്പ് മന്ത്രി ഒ ആർ കേളു. തിരുനെല്ലി ഗ്രാമപഞ്ചായത്തും അപ്പപ്പാറ കുടുംബാരോഗ്യ കേന്ദ്രവും സംയുക്തമായി ദേശീയ ആരോഗ്യ ദൗത്യം, ആൾട്രിക്‌സ് കോർപ്പറേഷൻ ലിമിറ്റഡ് ബാംഗ്ലൂർ എന്നിവയുടെ സഹകരണത്തോടെ നിർമിച്ച ന്യൂട്രീഷണൽ റീഹാബിലിറ്റേഷൻ സെൻ്ററിൻ്റെ കെട്ടിടം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ജില്ലയിലെ പോഷകാഹാരക്കുറവുള്ള കുട്ടികളിലെ ആരോഗ്യപ്രശ്നങ്ങൾ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ 45.22 ലക്ഷം രൂപ സിഎസ്ആർ ഫണ്ട്‌ ചെലവഴിച്ച് തിരുനെല്ലി അപ്പപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തോട് അനുബന്ധിച്ചാണ് ന്യൂട്രീഷനൽ റീഹാബിലിറ്റേഷൻ സെന്റർ നിർമിച്ചത്. സെൻട്രൽ ലോൺ സെന്ററിനോട് അനുബന്ധിച്ച ഐസൊലേഷൻ വാർഡിന്റെ ഉദ്ഘാടനം ജില്ലാ ആർസിഎച്ച് ഓഫീസർ ഡോ. ജെറിൻ എസ് ജെറോഡ് നിർവഹിച്ചു. പരിപാടിയിൽ തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി വി ബാലകൃഷ്ണൻ അധ്യക്ഷനായി. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ കെ ജയഭാരതി, ജില്ലാ പഞ്ചായത്ത് മെമ്പർ എൻ സുശീല, തിരുനെല്ലി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി ടി വൽസലകുമാരി, തിരുനെല്ലി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ പി എൻ ഹരീന്ദ്രൻ, അപ്പപ്പാറ കുടുംബാരോഗ്യകേന്ദ്രംമെഡിക്കൽ ഓഫീസർ ഡോ. ജിജിത രാജൻ, പ്രകാശൻ അരണപ്പാറ, സി എൻ. കൃഷ്ണൻകുട്ടി, തിരുനെല്ലി ഗ്രാമപഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *