കൽപ്പറ്റ: ലോകത്തിലെ ആദ്യത്തേതും ഏറ്റവും വലുതമായ സാമൂഹ്യ സന്നദ്ധ സേവന സംഘടനയായ റോട്ടറിയുടെ 25 -26 വർഷത്തിലെ റോട്ടറി ഡിസ്ട്രിക്ട് 3204 ഗവർണറായി വയനാട് സ്വദേശിയായ ബിജോഷ് മാനുവൽ സ്ഥാനമേറ്റെടുത്തു. കണ്ണൂർ, കാസർകോട്, വയനാട്, , കോഴിക്കോട്, മലപ്പുറം ജില്ലകളിലെയും മാഹി, ലക്ഷ്വദീപ് എന്നിവടങ്ങളിലെയും 91 റോട്ടറി ക്ലബ്ബുകളുടെ ഗവർണ്ണറായിട്ടാണ് ശ്രീ ബിജോഷ് മാനുവൽ നിയുക്തനായത്. വയനാട്ടിൽ നിന്നും ആദ്യമായിട്ടാണ് ഒരാൾ റോട്ടറിയുടെ ഗവർണർ പദവിയിലേക്ക് എത്തുന്നത്. കഴിഞ്ഞ 120 വർഷമായി ലോകത്തിലെ സന്നദ്ധ സംഘടനകൾക്ക് മാതൃകയായി 200 രാജ്യങ്ങളിലായി 34000 റോട്ടറി ക്ലബ്ബുകളും 1.4 ദശലക്ഷത്തിലധികം റോട്ടറി അംഗങ്ങളും നിലവിലുണ്ട്. റോട്ടറി എന്ന മഹാ പ്രസ്ഥാനം ലോകമെമ്പാടുമുള്ള ജനസമൂഹങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനായി സേവന പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്നു.മാനന്തവാടി എറകോന്നി കുടുംബാംഗമായ ബിജോഷ് പരേതനായ എ.പി ബേബിയുടെയും ശ്രീമതി മേരിക്കുട്ടിയുടെയും മകനാണ്. മാനന്തവാടി കബനി വാലി റോട്ടറി ക്ലബ് അംഗമായ ശ്രീ ബിജോഷ് മാനുവൽ കഴിഞ്ഞ 20 വർഷമായി കേരളത്തിലെ വിവിധ സാമൂഹിക സന്നദ്ധ സേവന കർമ്മമണ്ഡലത്തിൽ സജീവമ സാന്നിദ്ധ്യമായി പ്രവർത്തിക്കുന്നു.മാഹി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെന്റൽ സയൻസിലെ കൺവെൻഷൻ സെൻ്ററിൽ വച്ച് നടന്ന ചടങ്ങിൽ വെച്ച് ഇന്നലെ മുൻ ഗവർണ്ണർ ശ്രീ ഡോ. സന്തോഷ് ശ്രീധറിൽ നിന്നും അധികാരമേറ്റു. വിവിധ ജില്ലകളിലെ റോട്ടറി ക്ലബ്ബുകളിൽ നിന്നും മറ്റ് സാമൂഹിക സന്നദ്ധ സേവന സംഘടനകളിൽ നിന്നും ആയിരത്തോളം ആളുകൾ ചടങ്ങിൽ സംബന്ധിച്ചു.
