ലോക ജന്തുജന്യ രോഗ ദിനാചരണത്തിൻ്റെ ഭാഗമായി ആരോഗ്യ വകുപ്പിൻ്റെയും ആരോഗ്യ കേരളത്തിൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ മെഡിക്കൽ ഓഫീസർമാർക്കും പ്രോഗ്രാം ഓഫീസർമാർക്കും തരിയോട് ജില്ലാ പരിശീലന കേന്ദ്രത്തിൽ വച്ച് ജില്ലാതല പരിശീലനം സംഘടിപ്പിച്ചു. ജന്തുജന്യ രോഗങ്ങൾ വർദ്ധിച്ചു വരുന്ന പ്രവണത നിലനിൽക്കുന്ന സാഹചര്യത്തിൽ പകർച്ചവ്യാധികളുടെ സർവെയ്ലൻസ്, സാമൂഹ്യ പങ്കാളിത്തത്തോടെയുള്ള വിദ്യാഭ്യാസ ശീലമാറ്റ പ്രവർത്തനങ്ങൾ , സാമൂഹ്യ ജാഗ്രതയിലൂന്നിയ പ്രതിരോധ പ്രവർത്തനങ്ങൾ, ഏകാരോഗ്യ സമീപനം, വിവിധ വകുപ്പുകളുടെ ഏകോപനം തുടങ്ങിയ മേഖലകളികളിൽ ജില്ലയിലെ ആരോഗ്യ കേന്ദ്രങ്ങളുടെ കാര്യക്ഷമത വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ടാണ് പരിശീലനം സംഘടിപ്പിച്ചത്. എലിപ്പനി, കുരങ്ങുപനി ,നിപ എന്നീ ജന്തുജന്യ രോഗങ്ങളുടെ പ്രതിരോധത്തിനും നിയന്ത്രണത്തിനും പരിശീലനത്തിൽ പ്രത്യേക പ്രാധാന്യം നൽകി. ജില്ലാ മെഡിക്കൽ ഓഫീസർ ആരോഗ്യം ഡോ ടി മോഹൻദാസ് പരിശീലനപരിപാടി ഉദ്ഘാടനം ചെയ്തു. സ്റ്റേറ്റ് ഹെൽത്ത് സിസ്റ്റംസ് റിസോഴ്സ് സെൻ്റർ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ വി ജിതേഷ് പ്രഭാഷണം നടത്തി. ജില്ലാ സർവെയ്ലൻസ് ഓഫീസർ ഡോ പി ദിനീഷ് പരിശീലനത്തിന് നേതൃത്വം നൽകി.
