രാസവളത്തിന്റെ വില വർധന; കേരള കർഷകസംഘം ധർണ നടത്തി.

 

കൽപറ്റ: രാസവളത്തിന്റെ വില വർധനവിൽ പ്രതിഷേധിച്ചും രൂക്ഷമായ രാസവള ക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടും കൽപറ്റ ഹെഡ് പോസ്റ്റ് ഓഫിസിന് മുന്നിൽ കേരള കർഷകസംഘം ധർണ നടത്തി. കേന്ദ്ര സർക്കാർ രാസവളത്തിന് കുത്തനെ വില കൂട്ടിയതോടെ നെല്ലു മുതൽ പച്ചക്കറി വരെയുള്ള എല്ലാവിധ നിത്യോപയോഗ വിളകളുടെയും കൃഷി ചെലവ് വർധിക്കുകയാണ്. വന്യമൃഗ ശല്യത്താലും കാലാവസ്ഥ വ്യതിയാനത്താലും പൊറുതിമുട്ടുന്ന കർഷകരുടെ മേലുള്ള ഇടിത്തീയാണ് രാസവളത്തിന്റെ അനിയന്ത്രിതമായ വില വർധന. സാധാരണ കർഷകരുടെ ദൈനംദിന വളങ്ങൾ ആയ ഡിഎപി, എൻ പി കെ എന്നീ മിശ്രിതവളങ്ങൾക്ക് 250 രൂപവരെയാണ് വർധിപ്പിച്ചത് യൂറിയയുടെയും പൊട്ടാഷിൻ്റെയും വിലവർധനയും കർഷകർക്ക് താങ്ങാവുന്നതല്ല. കാർഷിക സബ്സിഡി 84000 കോടി രൂപ വെട്ടിക്കുറച്ച് കേന്ദ്ര സർക്കാർ കർഷകരെ ചൂഷണം ചെയ്യുകയാണ്. ഭക്ഷ്യസുരക്ഷ ഉറപ്പാക്കേണ്ടതിനു പകരം ജനങ്ങളെ ദ്രോഹിക്കുന്ന സമീപനത്തിനെതിരെ നടന്ന മാർച്ചും ധർണയും കർഷകസംഘം ജില്ലാ സെക്രട്ടറി സി ജി പ്രത്യുഷ് ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് ജെയിൻ ആൻ്റണി അധ്യക്ഷനായിരുന്നു. കെ.അബ്ദുറഹ്മാൻ, സി കെ ശിവരാമൻ, റഷീദ് വി എം , ഷംസുദ്ദീൻ പി.എം., എംടി ഫിലിപ്പ്, ഷീബ വേണുഗോപാൽ, ഇ.വി.ശശിധരൻ, നൗഷാദ് കുന്നത്ത്, കെ ശിവദാസൻ , പി കെ മുഹമ്മദ് കുട്ടി, പി പി ഹൈദ്രു , പിടി വർഗീസ്, കെ ശ്രീധരൻ, മുഹമ്മദ്സുനിത് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *