കല്‍പ്പറ്റ: തൊഴിലാളി ദ്രോഹനയങ്ങള്‍ നടപ്പാക്കുന്നതില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ മത്സരിക്കുകയാണെന്ന് ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍. ചന്ദ്രശേഖരന്‍. പുത്തൂര്‍വയലില്‍ ഐഎന്‍ടിയുസി ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അങ്കണവാടി ജീവനക്കാരുടെ ഡിഎ വെട്ടിക്കുറച്ചും ചുമട്ടുതൊഴിലാളികളുടെ തൊഴില്‍ ഇല്ലാതാകുന്ന തരത്തില്‍ 26 എ കാര്‍ഡ് അനിയന്ത്രിതമായി വിതരണം ചെയ്തും തോട്ടം തൊഴിലാളികളുടെ വേതനം വേണ്ടവിധത്തില്‍ വര്‍ധിപ്പിക്കാതെയും ആനുകൂല്യങ്ങള്‍ നിഷേധിച്ചുമാണ് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. തൊഴിലുറപ്പ് പദ്ധതി അട്ടിമറിച്ചും പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യവത്കരിച്ചും അശാസ്ത്രീയ നിയമ നിര്‍മാണങ്ങള്‍ നടത്തിയും മറ്റുമാണ് കേന്ദ്ര സര്‍ക്കാര്‍ തൊഴിലാളികളെ ദ്രോഹിക്കുന്നത്. ഇതിനെതിരേ ശക്തമായ സമരത്തിന് ഐഎന്‍ടിയുസി നേതൃത്വം നല്‍കുമെന്നും ചന്ദ്രശേഖരന്‍ പറഞ്ഞു.
ജില്ലാ പ്രസിഡന്റ് പി.പി. ആലി അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.എ. റെജി, വൈസ് പ്രസിഡന്റ് ബി. സുരേഷ്ബാബു, നേതാക്കളായ സി.പി. വര്‍ഗീസ്, സി. ജയപ്രസാദ്, ഉമ്മര്‍ കുണ്ടാട്ടില്‍, നജീബ് കരണി, എന്‍. വേണു, സലാം മീനങ്ങാടി, പി.എന്‍. ശിവന്‍, മോഹന്‍ദാസ് കോട്ടക്കൊല്ലി, സി.എ. ഗോപി, ആര്‍. ഉണ്ണിക്കൃഷ്ണന്‍, ആര്‍. രാമചന്ദ്രന്‍, ജിജി അലക്‌സ്, സുന്ദര്‍രാജ് എടപ്പെട്ടി, നജീബ് പിണങ്ങോട്, താരിഖ് കടവന്‍, അരുണ്‍ ദേവ്, ശ്രീനിവാസന്‍ തൊവരിമല, കെ.എം. വര്‍ഗീസ്, ഒ. ഭാസ്‌കരന്‍, കെ.കെ. രാജേന്ദ്രന്‍, ബേബി തുരുത്തിയില്‍, എം.പി. ശശികുമാര്‍, ഹര്‍ഷല്‍ കോന്നാടന്‍, ഡിന്റോ ജോസ്, ജോര്‍ജ് മണ്ണത്താണി, ജോയ് വടക്കനാട്, കെ. കൃഷ്ണകുമാരി, രാധ രാമസ്വാമി, എന്‍.എസ്. ബിന്ദു, മായ പ്രദീപ്, കെ. അജിത, ഏലിയാമ്മ മാത്തുക്കുട്ടി, ആയിഷ പള്ളിയാല്‍ എന്നിവര്‍ പ്രസംഗിച്ചു.
