വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ നിരോധനം പിന്‍വലിച്ചു

ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിച്ചു. ജില്ലയിലെ സാഹസിക ടൂറിസം കേന്ദ്രങ്ങളിലും ടൂറിസ്റ്റ് കേന്ദ്രങ്ങളായ കുറുവ ദ്വീപ്, സൂചിപ്പാറ, കാന്തന്‍പാറ, തൊള്ളായിരംകണ്ടി, ചെമ്പ്ര, മീന്‍മുട്ടി, നീലിമല വ്യൂ പോയിന്റ്, മുനീശ്വരന്‍കുന്ന് ഒഴികെ മറ്റെല്ലാ വിനോദ സഞ്ചാര കേന്ദ്രങ്ങളും തുറന്നു പ്രവര്‍ത്തിക്കാമെന്ന് ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ അറിയിച്ചു. ക്വാറികളുടെയും യന്ത്ര സഹായത്തോടെ മണ്ണ് നീക്കം ചെയ്യുന്നതിനുള്ള നിയന്ത്രണങ്ങള്‍ തുടരും.

റിസോര്‍ട്ട് – ഹോം സ്റ്റേകളിലെ നിരോധനം പിന്‍വലിച്ചു

ജില്ലയിലെ റിസോര്‍ട്ട് – ഹോം സ്റ്റേകളില്‍ ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിച്ച് ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ ഉത്തരവിട്ടു. മാനന്തവാടി താലൂക്കിലെ വെള്ളമുണ്ട, തവിഞ്ഞാല്‍, തിരുനെല്ലി, തൊണ്ടര്‍നാട്, വൈത്തിരി താലൂക്കിലെ പടിഞ്ഞാറത്തറ, തരിയോട്, പൊഴുതന, മേപ്പാടി, വൈത്തിരി, മൂപ്പൈനാട് ഗ്രാമപഞ്ചായത്തുകളിലെ റിസോര്‍ട്ടുകള്‍, ഹോം സ്റ്റേകള്‍ തുറന്നു പ്രവര്‍ത്തിക്കാം. മുണ്ടക്കൈ – ചൂരല്‍മല ദുരന്ത പ്രദേശത്തെ നോ ഗോ സോണ്‍ മേഖലയില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം പിന്‍വലിച്ചു. തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തിലെ മക്കിമല, കമ്പമല മേപ്പാടി ഗ്രാമപഞ്ചായത്തിലെ തൊള്ളായിരംകണ്ടിയിലെ റിസോര്‍ട്ടുകള്‍, ഹോം സ്റ്റേകള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ തുടരുമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ കളക്ടര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *