തൊഴിലുറപ്പ് തട്ടിപ്പ്; വകുപ്പുതല പരിശോധന തുടങ്ങി

മാനന്തവാടി: തൊണ്ടർനാട് ഗ്രാമപഞ്ചായത്തിൽ തൊഴിലുറപ്പ് പദ്ധതിയിൽ രണ്ടര കോടിയിലധികം രൂപ തട്ടിപ്പ് നടത്തിയ സംഭവത്തിൽ വകുപ്പുതലത്തിൽ വിശദമായ പരിശോധന ആരംഭിച്ചു. ജില്ല കലക്ടർ ഡി.ആർ. മേഘശ്രീയുടെ നിർദേശപ്രകാരം രൂപവത്കരിച്ച 20 അംഗ സംഘമാണ് പരിശോധന നടത്തുന്നത്.എൻ.ആർ.ഇ.ജി ജില്ല ജോ. പ്രോഗ്രാം കോഓഡിനേറ്റർ പി.സി. മജീദിന്റെ നേതൃത്വത്തിൽ സംഘം കഴിഞ്ഞ 2000-01 മുതൽ 2024-25 വരെയുള്ള അഞ്ചുവർഷത്തെ ഫയലുകളാണ് പരിശോധന വിധേയമാക്കുന്നത്. അന്വേഷണത്തിൽ ഗുരുതരമായ ക്രമക്കേട് കണ്ടെത്തിയാൽ 2020ന് മുമ്പുള്ള ഫയലുകളും അന്വേഷണ സംഘം പരിശോധിച്ചേക്കും. എൽ.എസ്.ജി.ഡിയിലെ ഇന്റേണൽ വിജിലൻസ് ഓഫിസർ വി. അബ്ദുല്ല, മാനന്തവാടി ബി.പി.ഒ എ.ടി. സുധീർ കുമാർ, കൽപറ്റ ജോ. ബി.ഡി.ഒ ടി.എൻ. സുരേന്ദ്രൻ ഉൾപ്പെടെ മൂന്ന് ബ്ലോക്ക് എൻജിനീയർമാർ, ജില്ല എൻജിനീയർ തുടങ്ങിയവരും അന്വേഷണ സംഘത്തിലുണ്ട്. 10 ദിവസത്തിനകം പരിശോധന പൂർത്തിയാക്കി ഒരു മാസത്തിനകം വിശദമായ റിപ്പോർട്ട് സമർപ്പിക്കാനാണ് ശ്രമിക്കുന്നത്. അതേസമയം, താൽക്കാലിക ജീവനക്കാരെ സസ്‌പെൻഡ് ചെയ്ത് അഴിമതിക്കു പിന്നിൽ പ്രവർത്തിച്ച ഉന്നതരെ രക്ഷപ്പെടുത്താനുള്ള ശ്രമം നടക്കുന്നുവെന്ന ആരോപണവും ശക്തമാണ്.

 

Leave a Reply

Your email address will not be published. Required fields are marked *