കല്‍പറ്റ : സര്‍ക്കാര്‍ പങ്കാളിത്തത്തോടെ വിശ്വാസ യോഗ്യമായ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തണമെന്ന് കേരള പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ വിദ്യാഭ്യാസ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. മെഡിസെപ് വഞ്ചനയ്‌ക്കെതിരെ ജില്ലാ വിദ്യാഭ്യാസ ഓഫിസിനു മുന്നിൽ നടത്തിയ പ്രതിഷേധ സായാഹ്നം സംസ്ഥാന വൈസ് പ്രസിഡന്റ് പി എസ് ഗിരീഷ്‌കുമാര്‍ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ ജില്ലാ പ്രസിഡന്റ് കെ സി അഭിലാഷ് അധ്യക്ഷത വഹിച്ചു.
2025 ജൂണില്‍ നിലവിലെ മെഡിസെപ് കാലാവധി അവസാനിച്ചതാണ്. ഇന്‍ഷുറന്‍സ് കമ്പനികളുമായി പുതിയ കരാറിലേര്‍പ്പെടുമ്പോള്‍ സര്‍വീസ് സംഘടനകള്‍ മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ കൂടി ഉള്‍പ്പെടുത്തണം. അന്യായമായ പ്രീമിയം വര്‍ധന ഒഴിവാക്കുക, ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ഓപ്ഷന്‍ സൗകര്യം ഉറപ്പാക്കുക, ഇന്‍ഷുറന്‍സ് പരിധിയിലുള്ള ചികില്‍സാ ചെലവ് പൂര്‍ണമായും ലഭ്യമാക്കുക, മികച്ച ആശുപത്രികള്‍ മെഡിസെപ് പദ്ധതിയില്‍ എം പാനല്‍ ചെയ്യുക എന്നീ നിര്‍ദേശങ്ങള്‍ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടു.
അധ്യാപക തസ്തിക നിര്‍ണയമുള്‍പ്പടെയുള്ള വിഷയങ്ങളില്‍ സര്‍ക്കാര്‍ മെല്ലെപ്പോക്ക് നയം തുടരുകയാണ്. തസ്തിക നിര്‍ണയത്തില്‍ ഇ ഐ ഡി ഉള്ള കുട്ടികളെക്കൂടി പരിഗണിക്കണം. സ്‌പെഷലിസ്റ്റ് അധ്യാപകരുടെ നിയമനത്തിലുള്ള അവ്യക്തതകള്‍ ഉടന്‍ പരിഹരിച്ച് എല്ലാ വിദ്യാലയങ്ങളിലും കലാ-കായിക- മറ്റു സ്‌പെഷലിസ്റ്റ് തസ്തികകളില്‍ നിയമനം ത്വരിതപ്പെടുത്തണം.
ടി എം വില്‍സണ്‍, ബിജു മാത്യു, ടി എന്‍ സജിന്‍, എം പ്രദീപ്കുമാര്‍,ഷാജു ജോണ്‍, ടി എം അനൂപ്, സി കെ സേതു, ജോണ്‍സന്‍ ഡിസില്‍വ, ബിന്ദു തോമസ്, എം ഒ ചെറിയാന്‍, എം പി കെ ഗിരീഷ്‌കുമാര്‍, എം പി സുനില്‍കുമാര്‍, ഷിജു കുടിലില്‍, ശ്രീജേഷ് ബി നായര്‍, എം ടി ബിജു, ടി അക്ബര്‍ അലി എന്നിവര്‍ പ്രസംഗിച്ചു.
