കൽപ്പറ്റ : ചുരത്തിലെ മണ്ണിടിച്ചിലും തുടർന്നുണ്ടായ യാത്രാക്ലേശവും ഒരു ബദൽ സംവിധാനത്തിൻ്റെ അനിവാര്യതയാണ് വെളിവാക്കുന്നതെന്നും ചുരം ബദൽ റോഡ് പദ്ധതിക്ക് പ്രഥമ പരിഗണന നൽകി പൂർത്തിയാക്കണമെന്നും എസ്.ഡി.പി.ഐ വയനാട് ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു.
ചുരത്തിലെ യാത്രാ തടസ്സങ്ങൾ തുടർക്കഥകളാവുകയാണ്. ജില്ലയോടുള്ള സർക്കാറിൻ്റെ അവഗണനയുടെ നേർക്കാഴ്ചകളാണ് അടിക്കടിയുണ്ടാവുന്ന യാത്രാ തടസ്സങ്ങൾ. രാത്രി യാത്രാ നിരോധനവും ചുരത്തിലുണ്ടാവുന്ന തടസ്സങ്ങളും തുടർന്നുണ്ടാവുന്ന കുറ്റ്യാടി ചുരത്തിലെ വാഹനത്തിരക്കും വയനാട് ജില്ലയെ പൂർണ്ണമായും ഒറ്റപ്പെടുത്തുന്ന സാഹചര്യമാണ് സൃഷ്ടിക്കുന്നത്. വയനാട് മെഡിക്കൽ കോളേജിൽ നിന്നും പ്രാഥമീക ചികിൽസ നൽകി റഫർ ചെയ്യുന്ന രോഗികൾ
വിദഗ്ദ ചികിൽസക്കായി കോഴിക്കോട് മെഡിക്കൽ കോളേജിനെയാണ് ആശ്രയിക്കുന്നത്. അടിയന്തിര ചികിൽസ ലഭിക്കേണ്ടവരും ഗുരുതരാവസ്ഥയിലുള്ള രോഗികളും മരണത്തിന് കീഴടങ്ങേണ്ട സാഹചര്യമാണ് നിലവിലുള്ളത്. ചുരത്തിലെ യാത്രാ തടസ്സങ്ങൾ മൂലം വിദേശ യാത്രകൾ മുടങ്ങുന്നതും നിത്യസംഭവമായ് മാറുന്നു. ചരക്കു വാഹനങ്ങൾ മണിക്കൂറുകൾ കെട്ടിക്കിടക്കുന്നത് വാടക വർദ്ധവിനും അവശ്യസാധനങ്ങളുടെ വില വർദ്ധനവിനും കാരണമായ് മാറുന്നുണ്ട്. ജില്ലാ രൂപീകരണം മുതൽ തുടരുന്ന യാത്രാക്ലേശത്തിന് ഭരണ-പ്രതിപക്ഷ കക്ഷികൾ തുല്യ ഉത്തരവാദികളാണ്. പ്രതിപക്ഷത്തിരിക്കുമ്പോൾ പ്രതിഷേധവും ഭരണത്തിലിരിക്കുമ്പോൾ മൗനവുമെന്ന കാപട്യം അവസാനിപ്പിക്കുകയും ശാശ്വത പ്രശ്നപരിഹാത്തിനായി കക്ഷി രാഷ്ട്രീയ ഭേദമന്യേ രംഗത്തിറങ്ങുകയുമാണ് ചെയ്യേണ്ടത്. വിഷയത്തിൽ സർക്കാറിൻ്റെ അടിയന്തിര ഇടപെടൽ ഉണ്ടാവണമെന്നും ചുരം ബദൽ റോഡ് പദ്ധതി ഉടൻ യാഥാർത്ഥ്യമാക്കണമെന്നും ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡൻ്റ് എ യൂസുഫ് അദ്ധ്യക്ഷത വഹിച്ചു. എൻ ഹംസ, കെ.ജെ തോമസ്, സൽമ അഷ്റഫ്, ബബിത ശ്രീനു സംസാരിച്ചു. ജില്ലാ ജനറൽ സെക്രട്ടറി പി.ടി സിദ്ധീഖ് സ്വാഗതവും ട്രഷറർ കെ.പി സുബൈർ നന്ദിയും പറഞ്ഞു.
