എലസ്റ്റൺ എസ്റ്റേറ്റിലെ തൊഴിലാളികൾക്കുള്ള ആനുകൂല്യം വിതരണം ചെയ്യണം ലേബർ ഓഫീസറെ ഉപരോധിച്ചു

കൽപ്പറ്റ:മുണ്ടക്കൈ ദുരന്തബാധിതർക്കായി ടൗൺഷിപ്പ് നിർമ്മിക്കാൻ ഏറ്റെടുത്ത എസ്റ്റേറ്റ് ഭൂമിയിൽ കാലങ്ങളായി തൊഴിലെടുത്ത് ഉപജീവനം നയിച്ചു വന്ന തൊഴിലാളികളുടെ ജീവിതം സംരക്ഷിക്കുന്നതിലും ആനുകൂല്യങ്ങൾ വിതരണം ചെയ്യുന്നതിലും ഉള്ള കാലതാമസത്തിലും അലംഭാവത്തിലും പരിഹാരം ആവശ്യപ്പെട്ട്കൊണ്ട് തൊഴിലാളികളും തൊഴിലാളി നേതാക്കന്മാരും ജില്ലാ ലേബർ ഓഫീസറെ മണിക്കൂറുകളോളം ഉപരോധിച്ചു. ജില്ലാ കലക്ടറുടെ നിർദ്ദേശപ്രകാരം സ്പെഷ്യൽ ഓഫീസറും, ഡെപ്യൂട്ടി കളക്ടറും, ജില്ലാ ലേബർ ഓഫീസറും ചർച്ച നടത്തി ഓഗസ്റ്റ് 27 ന്റെ ബഹുമാനപ്പെട്ടഹൈക്കോടതി വിധിപ്രകാരം തൊഴിലാളികളുടെ പ്രശ്നങ്ങൾ അഞ്ചു ദിവസം കൊണ്ട് പരിഹരിക്കണമെന്ന് ബഹു ഹൈക്കോടതി തൊഴിലുടമക്ക് നിർദ്ദേശം നൽകിയെന്ന് ബന്ധപ്പെട്ട അധികാരികൾ ഉറപ്പു നൽകി. 5 ദിവസംകൊണ്ട് തൊഴിലുടമ വിഷയങ്ങൾ പരിഹരിച്ചില്ലെങ്കിൽ സർക്കാർ ഏറ്റെടുത്തുകൊണ്ട് പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് നേതാക്കന്മാർ അധികാരികളോട് ആവശ്യപ്പെട്ടു. ടൗൺഷിപ്പിന് വേണ്ടി എലസ്റ്റൺ എസ്റ്റേറ്റ് സർക്കാർ ഏറ്റെടുത്തപ്പോൾ ഭൂമിക്ക് നിശ്ചയിച്ച വില കോടതിയിൽ കെട്ടിവയ്ക്കുകയും തൊഴിലുടമയ്ക്ക് പൈസ നൽകാത്ത സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്. ഓഗസ്റ്റ് 27 വന്ന ബഹു ഹൈക്കോടതിയുടെ വിധിപ്രകാരം ബോണ്ട് ഒപ്പിട്ട് 24 കോടി രൂപ തൊഴിലുടമയ്ക്ക് നൽകുന്നതിനുവേണ്ടി കോടതി നിർദ്ദേശിച്ചു. ബാക്കിവരുന്ന തുക കോടതിയുടെ കൈവശമാണ് ഉള്ളത്, തൊഴിലുടമ തൊഴിലാളികൾക്ക് ലഭിക്കുവാനുള്ള ആനുകൂല്യങ്ങൾ കൊടുത്തിട്ടില്ലെങ്കിൽ, സർക്കാർ ഏറ്റെടുത്ത് തൊഴിലാളികൾക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങൾ വിതരണം ചെയ്യണമെന്ന് തൊഴിലാളി നേതാക്കൾ ആവശ്യപ്പെട്ടു. ഉപരോധത്തിന്റെ ഭാഗമായി നാളെ രാവിലെ 11.30 മണിക്ക് ഡെപ്യൂട്ടി ലേബർ കമ്മീഷണറുടെ സാന്നിധ്യത്തിൽ ജില്ലാ കലക്ടറേറ്റിൽ അടിയന്തരയോഗം വിളിച്ചു ജില്ലാ കലക്ടറുടെ പ്രതിനിധി തൊഴിലാളി നേതാക്കന്മാരും, എസ്റ്റേറ്റ് മാനേജ്മെന്റ് പ്രതിനിധികളും പങ്കെടുത്ത് പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കാം എന്ന ഉറപ്പിന്മേൽ ഉപരോധം അവസാനിപ്പിച്ചു. ഉപരോധ സമരത്തിന് സിഐടിയു ജില്ലാ ട്രഷറർ പി ഗഗാറിൻ, ഐഎൻടിയുസി ജില്ലാ പ്രസിഡണ്ട് പി പി ആലി, ട്രേഡ് യൂണിയൻ നേതാക്കളായ എൻ ഓ ദേവസ്യ, എൻ വേണുഗോപാൽ , യു കരുണൻ,ബി സുരേഷ് ബാബു, ഗിരീഷ് കൽപ്പറ്റ, കെടി ബാലകൃഷ്ണൻ, കെ കെ രാജേന്ദ്രൻ, സി ഹരിദാസ്, കെ സൈതലവി തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി

 

Leave a Reply

Your email address will not be published. Required fields are marked *