സംസ്ഥാനത്തെ വാണിജ്യ-ടൂറിസം മേഖലയ്ക്ക് കുതിപ്പേകാൻ ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത
തുരങ്കപാത നിർമ്മാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു
സംസ്ഥാനത്തെ വാണിജ്യ-ടൂറിസം- ഗതാഗത മേഖലയ്ക്ക് കുതിപ്പേകാൻ ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത യാഥാർത്ഥ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
ആനക്കാംപൊയിൽ സെൻ്റ്മേരിസ് യു.പി സ്കൂൾ ഗ്രൗണ്ടിൽ തുരങ്കപാത നിർമ്മാണോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. തുരങ്കപാത നിർമ്മാണം പൂർത്തിയാകുന്നതോടെ കേരളത്തിലെ ഏറ്റവും നീളം കൂടിയ പാതയാവും ആനക്കാംപൊയിൽ – കള്ളാടി-മേപ്പാടി പാത. 8.7 കിലോമീറ്റർ നീളത്തിൽ നാലുവരി തുരങ്ക പാതയാണ് നിർമ്മിക്കുന്നത്. 2134 കോടി ചെലവിൽ നിർമ്മിക്കുന്ന തുരങ്ക പാതയുടെ നിർമ്മാണ ചുമതല കിഫ്ബിക്കാണ്. സംസ്ഥാനത്ത് ഒൻപത് വർഷക്കാലയളവിൽ 90000 കോടിയുടെ വികസന പദ്ധതികളാണ് കിഫ്ബി മുഖേന നടപ്പാക്കിയത്. സർക്കാർ അധികാരത്തിൽ വന്നപ്പോൾ 50000 കോടിയുടെ നിർമ്മാണ പ്രവർത്തനങ്ങളാണ് ലക്ഷ്യമിട്ടത്. 2024- ൽ 62,000 കോടിയുടെ പദ്ധതികൾ പൂർത്തിയാക്കി. പൊതുജനങ്ങളുടെ യാത്ര സൗകര്യം സുഗമമാക്കുന്നതിന് ദേശീയപാത നിർമ്മാണം, മലയോര ഹൈവെ, ദേശീയ ജലപാത നിർമ്മാണങ്ങൾ അതിവേഗം പുരോഗമിക്കുകയാണ്. ദീർഘകാലമായി മുടങ്ങി കിടന്ന വിവിധ വികസന പദ്ധതികൾ സർക്കാർ യാഥാർത്ഥ്യമാക്കിയതായും മുഖ്യമന്ത്രി പറഞ്ഞു. നിരവധി പ്രതിസന്ധികൾ തരണം ചെയ്താണ് സംസ്ഥാനത്ത് ബ്രഹത്തായ വികസന പദ്ധതികൾ നടപ്പാക്കിയതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ജനങ്ങളുടെ ജീവിതവും ജീവനോപാധിയും മെച്ചപ്പെടുത്തേണ്ടത് സർക്കാറിൻ്റെ ഉത്തരവാദിത്വമാണ്. ആരോഗ്യ- വിദ്യാഭ്യാസ- പശ്ചാത്തല മേഖല തുടങ്ങി പൊതുജനങ്ങളുമായി ബന്ധപ്പെട്ട വിവിധ മേഖലകളിൽ വികസന പദ്ധതികൾ നടപ്പാക്കുകയാണ് സർക്കാർ. തുരങ്കപാത നിർമ്മാണം പൂർത്തീകരിക്കുന്നതോടെ കാർഷിക ഉത്പന്നങ്ങളുടെ കയറ്റുമതിയിൽ വർദ്ധനവുണ്ടാവും. നബി ഡ വനമേഖലകളാലും ചരിത്രശേഷിപ്പുകളാലും സമൃദ്ധമായ വയനാടിൻ്റെ ചരിത്ര ശേഷിപ്പുകളും- പരിസ്ഥിതിയും സംരക്ഷിക്കേണ്ടത് അനിവര്യമാണ്.
സംസ്ഥാനത്ത് 50 വർഷം മുന്നിൽ കണ്ടുള്ള വികസന പദ്ധതികളാണ് സർക്കാർ നടപ്പാക്കുന്നത്. സംസ്ഥാനത്ത് ലൈഫ് മിഷൻ പദ്ധതിയിലൂടെ 4.5 ലക്ഷം വീടുകളാണ് പൂർത്തീകരിച്ചത്. 60 വയസ് പിന്നിട്ട 60 ലക്ഷം പേർക്ക് 1600 രൂപ വീതം വിതരണം ചെയ്യാൻ സാധിച്ചു. മെച്ചപ്പെട്ട പരിസ്ഥിതിയോടെ വികസന പദ്ധതികൾ വരും തലമുറയ്ക്ക് കൈമാറുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
പൊതുമരാമത്ത് – വിനോദ സഞ്ചാര വകുപ്പ് മന്ത്രി പി. എ മുഹമ്മദ് റിയാസ് അധ്യക്ഷനായി ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ ബാലഗോപാൽ, വനം – വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ, പട്ടികജാതി – പട്ടികവർഗ്ഗ – -പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു, എം.എൽ.എ മാരായ ടി. സിദ്ധിഖ്, ലിന്റോ ജോസഫ്, പി. ടി.എ റഹീം, കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, കോഴിക്കോട് ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിങ്, മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ബാബു, ജനപ്രതിനിധികൾ, രാഷ്ട്രീയപാർട്ടി പ്രവർത്തകർ,
വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, നാട്ടുകാർ എന്നിവർ പങ്കെടുത്തു.
തുരങ്കപാത സംസ്ഥാനത്തെ പശ്ചാത്തല -വികസന മേഖലയ്ക്ക് പ്രതീക്ഷ നൽകും: മന്ത്രി മുഹമ്മദ് റിയാസ്
ആനക്കാംപൊയിൽ -കണ്ണാടി – മേപ്പാടി തുരങ്കപാത കേരളത്തിലെ പശ്ചാത്തല വികസന മേഖലയ്ക്ക് പ്രതീക്ഷ നൽകുന്ന പദ്ധതിയാണെന്ന് പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ആനക്കാംപൊയിൽ സെന്റ് മേരീസ് യു.പി സ്കൂൾ ഗ്രൗണ്ടിൽ നടന്ന തുരങ്കപാത നിർമ്മാണോദ്ഘാടന പരിപാടിയിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. തുരങ്കപാത നിർമ്മാണം പൂർത്തിയാകുന്നതോടെ താമരശ്ശേരി – വയനാട് ചുരത്തിലെ മണിക്കൂറുകൾ നീണ്ട ഗതാഗത കുരുക്കിന് ശാശ്വത പരിഹാരമാവുമെന്നും മന്ത്രി പറഞ്ഞു. ആനക്കാംപൊയിൽ – മേപ്പാടി തുരങ്കപാത
കോഴിക്കോടിന്റെയോ വയനാടിന്റെയോ മാത്രം പദ്ധതിയല്ല. സംസ്ഥാനത്തിന്റെ വികസന പദ്ധതിയായി ലോകത്തിന് മാതൃകയാവും.
കേരളത്തിലെ മലയോര മേഖല മുൻകാലങ്ങളിൽ പശ്ചാത്തല സൗകര്യത്തിൽ അപര്യാപ്തതയാൽ പ്രയാസപ്പെട്ടിരുന്നു.
ഇതിന് പരിഹാരമായി സംസ്ഥാന സർക്കാർ മലയോര ഹൈവേ നിർമ്മാണം വേഗത്തിൽ പൂർത്തീകരിക്കുകയാണ്. കാർഷിക-വ്യാപാര മേഖലക്ക് ടണൽ റോഡ് കൂടുതൽ പ്രയോജനപ്പെടും. മലബാറിലെ ജനങ്ങൾക്ക് കർണ്ണാടകയിലേക്കുള്ള യാത്ര സുഗമമാകും. തുരങ്ക പാത പൂർത്തിയാകുന്നതോടെ വിനോദസഞ്ചാര മേഖലയിൽ ആകർഷണമായി മാറുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. വയനാട് ജില്ലയിൽ കോവിഡ് കാലത്തേക്കാളും 16.21 ശതമാനം അധികം ആഭ്യന്തര സഞ്ചാരികൾ എത്തിയിട്ടുണ്ട്. വിദേശ സഞ്ചാരികളുടെ കാര്യത്തിൽ ജില്ലയിൽ 24.46 ശതമാനം വർദ്ധനവുണ്ടായി.
ടൂറിസം മേഖലയെ കൂടുതൽ ശക്തിപ്പെടുത്താൻ ടണൽ റോഡ്
സഹായിക്കുമെന്നും മന്ത്രി പറഞ്ഞു. വയനാട്ടിലേക്കുള്ള എല്ലാ യാത്രാ മാർഗങ്ങളും സർക്കാർ സാധ്യമാക്കും.
ചുരത്തിലെ 6,7,8 വളവുകൾ വികസിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ സർക്കാർ നടപ്പാക്കി കഴിഞ്ഞു. ജില്ലയിലേക്കുള്ള ബദൽപാതയായ പൂഴിത്തോട്-പടിഞ്ഞാറത്തറ റോഡിൻ്റെ നിർമ്മാണത്തിനായി വനത്തിനകത്ത് 6.5 കിലോ മീറ്ററും വനേതര ഭാഗത്ത് 10 കിലോ മീറ്ററും പൂഴിത്തോട് വനേതര ഭാഗത്തെ 5 കിലോ മീറ്ററിലും സർവ്വെ പൂർത്തിയാക്കി. വനമേഖലയോട് ചേർന്ന പ്രദേശത്തെ സർവ്വെ കാലാവസ്ഥ അനുകൂലമാകുന്ന മുറക്ക് പൂർത്തിയാക്കും. ഇൻവെസ്റ്റിഗേഷൻ പ്രവർത്തിക്കായി ഒന്നര കോടി രൂപ പൊതുമരാമത്ത് ചെലവഴിക്കുമെന്നും മന്ത്രി പറഞ്ഞു.
