കൽപറ്റ: 2024ൽ പാർലമെന്റിലേക്കു നടന്ന പൊതുതിരഞ്ഞെടുപ്പിനെയും ഉപതിരഞ്ഞെടുപ്പിനെയും അപേക്ഷിച്ച് വയനാട്ടിൽ തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടർമാരുടെ എണ്ണം കുറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പിനു പ്രസിദ്ധപ്പെടുത്തിയ അന്തിമ പട്ടികയിൽ ജില്ലയിൽ മാനന്തവാടി, ബത്തേരി, കൽപറ്റ നിയമസഭാ മണ്ഡലങ്ങളിലായി 6,39,444 വോട്ടർമാരാണുള്ളത്. ഇതിൽ 3,09,218 പുരുഷൻമാരും 3,30,211 സ്ത്രീകളും അഞ്ച് ട്രാൻസ് ജെൻഡറും ഉൾപ്പെടും. 10 പ്രവാസി വോട്ടർമാരും ജില്ലയിലുണ്ട്. 2024 നവംബർ 13ന് വയനാട് പാർലമെന്റ് മണ്ഡലത്തിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ ജില്ലയിൽ 6,41,179 പേർക്കായിരുന്നു വോട്ടവകാശം. 2014 ഏപ്രിൽ 26ലെ പൊതു തിരഞ്ഞെടുപ്പിൽ 6,35,930 വോട്ടർമാരാണ് ഉണ്ടായിരുന്നത്. ആറു മാസത്തിനുശേഷം നടന്ന ഉപ തിരഞ്ഞെുപ്പിൽ ജില്ലയിൽ 5,429 വോട്ടർമാർ കൂടി. മാനന്തവാടിയിൽ 1,574, ബത്തേരിയിൽ 1,854, കൽപറ്റയിൽ 1,848 എന്നിങ്ങനെയാണ് വോട്ടർമാർ വർധിച്ചത്. സ്വാഭാവികമായും ജില്ലയിൽ തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ടർമാരുടെ എണ്ണം ഉയരണ്ടേതായിരുന്നു.
എന്നാൽ ഉപതിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ജില്ലയിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ 1,735 വോട്ടർമാർ കുറവാണ്. മരിച്ചവരുടെ പേരുകളും ഇരട്ടിപ്പും ഒഴിവാക്കിയതാണ് ഇതിനു കാരണമെന്നാണ് രാഷ്ട്രീയകക്ഷി നേതാക്കളുടെ വിലയിരുത്തൽ.
2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കൽപറ്റ മണ്ഡലത്തിൽ 1,98,598 ഉം ബത്തേരിയിൽ 2,17,059 ഉം മാനന്തവാടിയിൽ 1,91,411 ഉം പേർക്കായിരുന്നു വോട്ടവകാശം.
23 പഞ്ചായത്തുകളും മൂന്ന് നഗരസഭകളുമുള്ള ജില്ലയിൽ തദ്ദേശ തിരഞ്ഞെടുപ്പിൽ നെൻമേനി പഞ്ചായത്തിലാണ് കൂടുതൽ വോട്ടർമാർ. 18,136 പുരുഷൻമാരും 19,476 സ്ത്രീകളും മൂന്നു ട്രാൻസ് ജെൻഡറുകളുമടക്കം 37,885 പേർക്കാണ് ഇവിടെ വോട്ടവകാശം. തരിയോട് പഞ്ചായത്തിലാണ് കുറവ് വോട്ടർമാർ. 4578 പുരുഷൻമാരും 4654 സ്ത്രീകളും ഉൾപ്പെടെ 9,231 വോട്ടർമാരാണ് അന്തിമ പട്ടികയിലുള്ളത്.
മറ്റു പഞ്ചായത്തുകളിലെ വോട്ടർമാർ(പുരുഷൻമാർ, സ്തീകൾ, ട്രാൻസ്‌ജെൻഡർ, പ്രവാസി, ആകെ എന്ന ക്രമത്തിൽ): വെള്ളമുണ്ട: 15,220-15640-0–0-30860. തിരുനെല്ലി: 9,937-10,901-0-0-20838. തൊണ്ടർനാട്: 8,879-8,904-0-0-17,783. എടവക: 12,910-13,685-0-2-26,595. തവിഞ്ഞാൽ: 15,384-15,770-0-1-31154. നൂൽപുഴ: 9,907-10,577-0-0-20484. അമ്പലവയൽ:13,773-15,044-0-0-28,817. മീനങ്ങാടി: 12,946-14,209-0-0-27,155. വെങ്ങപ്പള്ളി: 4,429-4998-0-0-9,427. വൈത്തിരി: 6,459-6873-0-0-13,332. പൊഴുതന: 6,780-7,546-0-2-14,326. മേപ്പാടി: 14,053-15,059-2-29,114. മൂപ്പൈനാട്: 9,135-9,587-0-0-18,722. കോട്ടത്തറ: 6,719-7013-0-0-13,732. മുട്ടിൽ: 13,416-14,919-0-0-28,335. പടിഞ്ഞാറത്തറ: 10,482-10,987-0-0-21,469. പനമരം: 17,076-17,686-0-0-34,762. കണിയാമ്പറ്റ: 12,846-13,888-0-0-26,734. പൂതാടി: 15,551-16924-0-2-32,475. പുൽപള്ളി: 12,991-13,756-0-0-26,747. മുള്ളൻകൊല്ലി: 10,760-11,125-0-1-21,885. മുനിസിപ്പാലികൾ: കൽപറ്റ:11,884-13,320-0-0- 25,164. മാനന്തവാടി: 18,244-19,237-0-1-37,481. ബത്തേരി: 16,773-18,146-0-0-34,937.
തദ്ദേശം : അന്തിമ പട്ടികയിൽ വയനാട്ടിൽ6,39,444 വോട്ടർമാർ
