കൽപ്പറ്റ: 21-ാമത് സംസ്ഥാന എക്സൈസ് കലാകായിക മേള ഒക്ടോബര്‍ 17, 18, 19 തീയ്യതികളിൽ വയനാട് ജില്ലയിൽ നടക്കും. കലാമത്സരങ്ങൾ മുണ്ടേരി ജി.വി.എച്ച്.എസ്.എസിലും കായിക ഇനങ്ങൾ മരവയലിലെ എം.കെ ജിനചന്ദ്രൻ മെമ്മോറിയൽ ജില്ലാ സ്റ്റേഡിയത്തിലുമായിരിക്കും നടക്കുക. ഇതാദ്യമായാണ് സംസ്ഥാന കലാകായിക മേള വയനാട് ജില്ലയിൽ നടക്കുന്നത്. തിങ്കളാഴ്ച കൽപ്പറ്റ ജില്ലാ ആസൂത്രണ ഭവൻ എപിജെ ഹാളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാറുടെ അധ്യക്ഷതയിൽ ചേര്‍ന്ന യോഗത്തിൽ സംഘാടക സമിതിക്ക് രൂപം നൽകി. ടി സിദ്ദീഖ് എംഎൽഎ യോഗം ഉദ്ഘാടനം ചെയ്തു.
മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ്, പട്ടികജാതി പട്ടികവര്‍ഗ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആര് കേളു എന്നിവരെ മുഖ്യരക്ഷാധികാരികളാക്കി രൂപീകരിച്ച സംഘാടക സമിതിയിൽ പ്രിയങ്ക ഗാന്ധി എം.പി, ടി സിദ്ദീഖ് എംഎൽഎ, ഐ.സി ബാലകൃഷ്ണൻ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, എക്സൈസ് കമ്മീഷണർ, ജില്ലാ കളക്ടർ, ജില്ലാ പൊലീസ് മേധാവി, അഡീഷണൽ എക്സൈസ് കമ്മീഷണർ, എക്സൈസ് സ്റ്റേറ്റ് വിജലൻസ് ഓഫീസർ, കൽപ്പറ്റ മുനിസിപ്പൽ ചെയര്‍പേഴ്സൺ, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, കൽപ്പറ്റ ബ്ലോക്ക് പ്രസിഡന്റ് എന്നിവരാണ് രക്ഷാധികാരികൾ.
വയനാട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറാണ് സംഘാടക സമിതി ചെയര്മാൻ. എക്സൈസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ്, എക്സൈസ് സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ്, വയനാട് വിമുക്തി മാനേജര, അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ എന്നിവരെ വൈസ് ചെയര്മാൻമാരായി തെരഞ്ഞെടുത്തു. എക്സൈസ് സ്റ്റാഫ് അസോസിയേഷൻ സെക്രട്ടറിയാണ് സംഘാടക സമിതി ജനറൽ കൺവീനര്‍. ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡന്റ്, ജില്ലാ സെക്രട്ടറി, എക്സൈസ് സ്റ്റാഫ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ്, സെക്രട്ടറി എന്നിവര്‍ ജോയിന്റ് കൺവീനര്‍മാരാണ്.
