കൽപ്പറ്റ: സർവകലാശാലകളുടെ കാവിവത്കരണം സംഘപരിവാറിന്റെ രാഷ്ട്രീയ അജൻഡയുടെ ഭാഗമാണെന്ന് കാലടി സംസ്‌കൃത സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ.ജെ. പ്രസാദ്. ജില്ലാ വിദ്യാഭ്യാസ സമിതി രൂപീകരണത്തിന് പിഡബ്ല്യുഡി ഗസ്റ്റ്ഹൗസിൽ ചേർന്ന കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അശാസ്ത്രീയമായ കാര്യങ്ങൾ പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തി വിദ്യാർഥികളുടെ യുക്തിചിന്ത, ശാസ്ത്രാവബോധം എന്നിവയെ കേന്ദ്ര സർക്കാർ തെറ്റായ മാർഗങ്ങളിലേക്ക് തിരിച്ചുവിടുകയാണ്. സർവകലാശാലകൾ നൻമകളുടെയും മേൻമകളുടേയും കേദാരമാണ്. അവയെ സംരക്ഷിക്കുന്നതിനും നിലനിർത്തുന്നതിനും ബോധപൂർവവും സംഘടിതവുമായ പരിശ്രമം നടത്തേണ്ടതുണ്ട്. മാനവികതയുടെ അത്യുന്നതമായ അവസ്ഥയിലാണ് ഏറ്റവും ശ്രേഷ്ഠമായ ജനാധിപത്യം ഉണ്ടാകുന്നതെന്നും ജോ.ജെ. പ്രസാദ് പറഞ്ഞു.
പുൽപ്പള്ളി പഴശിരാജ കോളജ് മുൻ പ്രിൻസിപ്പൽ പ്രഫ.ടി. മോഹൻ ബാബു അധ്യക്ഷത വഹിച്ചു. പി.ജെ. ബിനേഷ് വിഷയാവതരണം നടത്തി. കെ. റഫീഖ്, കെ.എം. ഫ്രാൻസിസ്, സാന്ദ്ര രവീന്ദ്രൻ,
ഡോ.എൻ. മനോജ്, ടി.കെ. അബ്ദുൾഗഫൂർ, ടി.വി. ഗോപകുമാർ, പി.കെ. സുധീർ, ജോൺസൺ ജോസഫ്, എൻ.കെ. ജോർജ് എന്നിവർ പ്രസംഗിച്ചു. എ.ടി. ഷൺമുഖൻ സ്വാഗതവും കെ.ജി. പദ്മകുമാർ നന്ദിയും പറഞ്ഞു. ഭാരവാഹികളായി പ്രഫ.ടി. മോഹൻ ബാബു(ചെയർമാൻ), എ.ടി. ഷൺമുഖൻ(കൺവീനർ), എ.കെ. രാജേഷ്(ട്രഷറർ)എന്നിവരെ തെരഞ്ഞെടുത്തു. സംസ്ഥാനത്തെ പൊതു സർവകലാശാലകള സംരക്ഷിക്കുക, ഉന്നത വിദ്യാഭ്യാസ മേഖലയിലെ കാവിവത്കരണം അവസാനിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ പ്രവർത്തിക്കുന്നതിന് കേരള വിദ്യാഭ്യാസ സമിതിക്കുകീഴിൽ രൂപീകരിച്ചതാണ് ജില്ലാ സമിതി.
