ബത്തേരി: വൻ കടബാധ്യതയെ തുടർന്ന് ആത്മഹത്യ ചെയ്ത മുൻ വയനാട് ഡിസിസി ട്രഷററും ബത്തേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റുമായിരുന്ന എൻ എം വിജയൻറെ കുടുംബത്തിന് നേരെ കോൺഗ്രസിലെ ഒരു വിഭാഗം നടത്തുന്ന സൈബർ ആക്രമണം അവസാനിപ്പിക്കണമെന്നും ഇത്തരം പ്രചാരണം നടത്തുന്നവർക്കെതിരെ പോലീസ് കർശന നടപടി സ്വീകരിക്കണമെന്നും ആർജെഡി സംസ്ഥാന ജനറൽ സെക്രട്ടറി സലീം മടവൂർ ആവശ്യപ്പെട്ടു. ജീവിതത്തിൽ സത്യസന്ധത പുലർത്തിയ വിജയൻ താൻ വ്യക്തിപരമായി കൊടുക്കാനുള്ള കടങ്ങളും പാർട്ടിക്ക് വേണ്ടി നൽകിയ പണത്തിന് കണക്കും വെവ്വേറെയായി ആത്മഹത്യാക്കുറിപ്പിൽ എഴുതിവച്ചിട്ടുണ്ട്. പാർട്ടിക്ക് വേണ്ടി വാങ്ങിയ കടം കാരണമാണ് അദ്ദേഹത്തിൻറെ വീട് ജപ്തി ഭീഷണിയിൽ ആയത്. സ്ട്രോക്ക് വന്ന് കിടപ്പിലായ മകനും ഭാര്യയും മക്കളും ഏത് സമയവും ജപ്തി ഭീഷണി നേരിടുന്ന അവസ്ഥയിലാണ് . കുടുംബത്തിന് നൽകിയ ഉറപ്പ് പാലിക്കാൻ വയനാട് പാർലമെൻ്റ് അംഗം പ്രിയങ്ക ഗാന്ധിക്കും കൽപറ്റ നിയമസഭാംഗം ടി സിദ്ധിക്കിനും ബത്തേരി എംഎൽഎ ഐ.സി. ബാലകൃഷ്ണനും ഉത്തരവാദിത്തമുണ്ട്. എൻ എം വിജയൻ്റെ കുടുംബത്തെ കൂടെ ആത്മഹത്യ മുനമ്പിലേക്ക് തള്ളി വിടാനുള്ള ശ്രമമാണ് കോൺഗ്രസിന്റെ സൈബർ പോരാളികൾ നടത്തുന്നത്. ഇതിനു പുറകിൽ വയനാട്ടിലെ കോൺഗ്രസ് എംഎൽഎമാരുടെ കറുത്ത കരങ്ങളുണ്ട്. ഇതിനെതിരെ കുടുംബം നടത്തുന്ന പോരാട്ടത്തിന് എല്ലാ പിന്തുണയും ഉണ്ടാകുമെന്ന് സലീം മടവൂർ പറഞ്ഞു.രാഷ്ട്രീയ യുവജനതാദൾ വയനാട് ജില്ലാ പ്രസിഡൻ്റ് പിപി ഷൈജൽ,ആർജെഡി കൽപറ്റ നിയോജകമണ്ഡലം കമ്മിറ്റി അംഗം സി ഒ വർഗീസ്, മേപ്പാടി ഗ്രാമപഞ്ചായത്ത് അംഗം അജ്മൽ സാജിദ്, ആർ വൈ ജെഡി കൽപറ്റ മണ്ഡലം പ്രസിഡൻ്റ് ഷൈജൽ കൈപ്പ എന്നിവരോടൊപ്പം സലിം മടവൂർ എൻ എം വിജയൻറെ വീട് സന്ദർശിച്ചു.
എൻ.എം. വിജയന്റെ കുടുംബത്തിന് നേരെയുള്ള സൈബർ ആക്രമണം തടയണം: സലീം മടവൂർ.
