കൽപ്പറ്റ: കോൺഗ്രസ് നേതാക്കളായ സോണിയാ ഗാന്ധിയുടെയും പ്രിയങ്കാ ഗാന്ധിയുടെയും സന്ദർശനം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകന് നേരെയുണ്ടായ കയ്യേറ്റത്തിൽ ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷൻ (ജെ.എം.എ) വയനാട് ജില്ലാ കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു. വയനാട് വിഷൻ റിപ്പോർട്ടർ ഷിബു സി.വി.ക്ക് നേരെ, നേതാക്കൾക്കൊപ്പമുണ്ടായിരുന്ന ഫോട്ടോഗ്രാഫർ നടത്തിയ അതിക്രമം മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റവും ജനാധിപത്യ വിരുദ്ധവുമാണെന്ന് ജെ.എം.എ ഭാരവാഹികൾ പ്രസ്താവനയിൽ പറഞ്ഞു.
ചുണ്ടേലിലെ കാപ്പി ഗവേഷണ കേന്ദ്രത്തിൽ, സുരക്ഷാ ഉദ്യോഗസ്ഥരുടെ അനുമതിയോടെ ഔദ്യോഗിക കൃത്യനിർവഹണം നടത്തുകയായിരുന്ന ഷിബുവിനെ തടയുകയും, ദേഹോപദ്രവം ഏൽപ്പിക്കുകയും, അദ്ദേഹത്തിന്റെ മൊബൈൽ ഫോൺ തട്ടിപ്പറിച്ചു താഴെയിടുകയും ചെയ്ത ഫോട്ടോഗ്രാഫർ റാഫി കൊല്ലത്തിന്റെ നടപടി അങ്ങേയറ്റം അപലപനീയമാണ്. മാധ്യമങ്ങൾക്ക് പ്രവേശനം പരിമിതപ്പെടുത്തിയിരുന്ന ഒരു ചടങ്ങിൽ, ലഭിച്ച അവസരം ഉപയോഗിച്ച് ജനങ്ങളിലേക്ക് വാർത്തയെത്തിക്കാൻ ശ്രമിച്ച ഒരു മാധ്യമ പ്രവർത്തകന് നേരെയാണ് ഈ അതിക്രമം നടന്നത്.
തനിക്ക് മാത്രമാണ് ദൃശ്യങ്ങൾ പകർത്താൻ അനുവാദമുള്ളൂ എന്ന വാദം ഉന്നയിച്ച് ഒരു സഹപ്രവർത്തകനെ ആക്രമിക്കുന്നത് ഒരുതരത്തിലും ന്യായീകരിക്കാനാവില്ല. സംഭവം ഓർമ്മയില്ലെന്ന ഫോട്ടോഗ്രാഫറുടെ നിരുത്തരവാദപരമായ മറുപടി കുറ്റസമ്മതത്തിന് തുല്യമാണ്. അതീവ സുരക്ഷ ആവശ്യമുള്ള നേതാക്കൾക്കൊപ്പം സഞ്ചരിക്കുന്ന ഒരാളുടെ ഭാഗത്തുനിന്നുണ്ടാകുന്ന ഇത്തരം പ്രവൃത്തികൾ ഗുരുതരമായ സുരക്ഷാ വീഴ്ച കൂടിയാണ്. കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും, മാധ്യമ പ്രവർത്തകനെ കയ്യേറ്റം ചെയ്തതിനും റാഫി കൊല്ലത്തിനെതിരെ മാതൃകാപരമായ നിയമനടപടി സ്വീകരിക്കണമെന്ന് ജെ.എം.എ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
മാധ്യമ പ്രവർത്തകർക്ക് നിർഭയമായി ജോലി ചെയ്യാനുള്ള സാഹചര്യം ഉറപ്പുവരുത്താൻ ബന്ധപ്പെട്ടവർ തയ്യാറാകണമെന്നും, ഷിബു സി.വി.ക്ക് എല്ലാവിധ പിന്തുണയും നൽകുമെന്നും പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.
