മൂവാറ്റുപുഴയാറ്റിൽ ഒഴുക്കിൽപ്പെട്ട് യുവാവ് മരിച്ചു; വയനാട് സ്വദേശിയെ കാണാതായി

പിറവം: മൂവാറ്റുപുഴയാറ്റിൽ രാമമംഗലം ക്ഷേത്രക്കടവിൽ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കളിൽ ഒരാൾ ഒഴുക്കിൽപ്പെട്ട് മരിച്ചു. കൂടെയുണ്ടായിരുന്ന ഒരാളെ കാണാതായി. ചോറ്റാനിക്കര എരുവേലി വട്ടപ്പറമ്പ് കവലയ്ക്ക് സമീപം ഞാറ്റുംകാലയിൽ ആൽബിൻ ഏലിയാസ് (21) ആണ് മരിച്ചത്. വയനാട് മാനന്തവാടി ഇടംകുനി സ്വദേശി അർജുനുവേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.

 

ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. പൂത്തൃക്ക സ്വദേശിയായ സുഹൃത്തിനൊപ്പം മൂന്നുപേരാണ് ആറാട്ടുകടവിൽ എത്തിയത്. ആൽബിനും അർജുനും പുഴയിലിറങ്ങിയപ്പോൾ ശക്തമായ ഒഴുക്കിൽപ്പെടുകയായിരുന്നു. കൂടെയുണ്ടായിരുന്ന മൂന്നാമനാണ് വിവരം രാമമംഗലം പോലീസിൽ അറിയിച്ചത്.

 

വിവരമറിഞ്ഞെത്തിയ ഫയർഫോഴ്സും സ്കൂബാ ടീമും നാട്ടുകാരും ചേർന്നാണ് തിരച്ചിൽ നടത്തുന്നത്. ആൽബിന്റെ മൃതദേഹം പിന്നീട് കണ്ടെടുത്തു. അർജുനുവേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.

ഏലിയാസ് – സോയ ദമ്പതികളുടെ മകനാണ് മരിച്ച ആൽബിൻ. അലൻ സഹോദരനാണ്. സംസ്കാരം പിന്നീട് നടക്കും.

Leave a Reply

Your email address will not be published. Required fields are marked *