കൽപ്പറ്റ: ഈ വർഷത്തെ പോലീസ് സ്മൃതി ദിനം, ഏകതാ ദിനം, പോലീസ് പതാക ദിനം എന്നിവയോടനുബന്ധിച്ച് ജില്ലയിൽ ഒക്ടോബർ 21 മുതൽ 31 വരെ ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ജില്ലാ പോലീസ് മേധാവി ശ്രീ. പദം സിങ് ഐ.പി.എസ് അറിയിച്ചു. ഒക്ടോബർ 21ന് രാവിലെ പോലീസ് അനുസ്മരണ ദിന പരേഡ് വയനാട് ഡി.എച്ച്.ക്യൂ ക്യാമ്പ് പരേഡ് ഗ്രൗണ്ടിൽ നടക്കും. ജില്ലാ പോലീസ് മേധാവി, അഡീഷണൽ എസ്.പി, സ്പെഷ്യൽ യൂണിറ്റ് മേധാവികൾ, സബ് ഡിവിഷൻ മേധാവികൾ സ്റ്റേഷൻ എസ് എച്ച് ഓ മാർ തുടങ്ങിയ പോലീസ് ഉദ്യോഗസ്ഥർ പങ്കെടുക്കും.
ഒക്ടോബർ 25ന് സബ് ഡിവിഷൻ അടിസ്ഥാനത്തിൽ കൽപ്പറ്റ, മാനന്തവാടി, ബത്തേരി എന്നിവിടങ്ങളിൽ സ്റ്റുഡൻസ് പോലീസ് കേഡറ്റുകൾക്കായി സൈക്കിൾ റാലി, കാക്കവയൽ ജവാൻ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന, സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾക്കായുള്ള വാട്ടർ കളർ പെയിന്റിംഗ് മത്സരം, കൽപ്പറ്റ പുതിയ സ്റ്റാൻഡ് പരിസരത്ത് സ്ത്രീകൾക്കും കുട്ടികൾക്കുമായി ‘സെൽഫ് ഡിഫെൻസ്’ പ്രായോഗിക പരിശീലനവും ക്ലാസ്സും, 26നു വയനാട് ജില്ലാ ജനമൈത്രി പോലീസിന്റെ ആഭിമുഖ്യത്തിൽ കോളനികളിൽ ബോധവൽക്കരണ പരിപാടിയും കലാ വിരുന്നും, 28 ന് പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യുവരിച്ച ധീര ജവാൻ ശ്രീ. വസന്തകുമാറിന്റെ വസതിയിൽ സന്ദർശനവും പോലീസ് അസോസിയേഷൻ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ മാനന്തവാടി മെഡിക്കൽ കോളേജിൽ വച്ച് രക്ത ദാന ക്യാമ്പും, 29 ന് തിരുനെല്ലിയിലെ കോളനികളിൽ സന്ദർശനവും പുസ്തക വിതരണവും, 30 ന് ലക്കിടി എൽ.പി സ്കൂളിലെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും പോലീസ് അസോസിയേഷൻ ജില്ലാ കമ്മറ്റിയും വിംസ് ആശുപത്രിയും സംയുക്തമായി നടത്തുന്ന ബേസിക് ലൈഫ് സപ്പോർട്ട് ട്രെയിനിങ് പ്രോഗ്രാം, 31ന് വീരമൃത്യു വരിച്ച ധീര ജവാൻ ശ്രീ. ഷിബുവിന്റെ വസതിയിൽ സന്ദർശനം തുടങ്ങിയ പരിപാടികൾ നടത്തുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.
