റേഷൻ വിതരണം മുടങ്ങാതിരിക്കാൻ നടപടി; ഇ-പോസ് മെഷീൻ തകരാറുകൾ ആവർത്തിക്കരുതെന്ന് മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം: റേഷൻ കടകളിലെ ഇ-പോസ് മെഷീനുകളുടെ പ്രവർത്തനത്തിൽ നേരിയ തടസ്സങ്ങൾ ഉണ്ടാകുന്നത് ആവർത്തിക്കരുതെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് നിർദ്ദേശം നൽകി. ഈ നിർദ്ദേശം ഉപഭോക്തൃകാര്യ കമ്മീഷണർക്ക് നൽകിയതാണ്. ഇ-പോസ് മെഷീനുകളുടെ പ്രവർത്തനത്തിലെ തടസ്സങ്ങളെക്കുറിച്ച് സമർപ്പിച്ച പരാതിയെ തുടർന്ന് നടപടി കൈക്കൊള്ളുകയായിരുന്നു. പൊതുവിതരണ – ഉപഭോക്തൃ കമ്മീഷണർ സമർപ്പിച്ച റിപ്പോർട്ടിൽ, റേഷൻ ഉപഭോക്താക്കളുടെ ഇ-കെ.വൈ.സി. അപ്ഡേഷനുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നങ്ങൾ റേഷൻ വിതരണം തടസ്സപ്പെടുത്തിയതായി വ്യക്തമാക്കുന്നു.

 

റേഷൻ വിതരണം സുഗമമാക്കാൻ കൂടുതൽ ദിവസങ്ങൾ വിതരണം ചെയ്യുന്നതിനായി ദീർഘിപ്പിച്ചിട്ടുണ്ടെന്നും, സാങ്കേതിക തടസ്സങ്ങൾ ശാശ്വതമായി പരിഹരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇ-പോസ് മെഷീനുകളുടെ സർവീസ് പൂർണമായും പൂർത്തിയാക്കിയതും റേഷൻ വിതരണം ബുദ്ധിമുട്ടില്ലാതെ നടക്കാൻ വേണ്ട നടപടികൾ സ്വീകരിച്ചതും വിവരിച്ചിരിക്കുന്നു.

 

റേഷൻ വിതരണം കൂടുതൽ കാര്യക്ഷമമാക്കാൻ ബി.എസ്.എൻ.എൻ. ബാൻഡ് വിഡ്ത്ത് സെക്കന്റ് 20 എം.ബി. നിന്ന് 50 എം.ബി. ആയി ഉയർത്തിയിട്ടുണ്ട്. കൂടാതെ, പൊതുവിതരണ വകുപ്പിന്റെ സെർവറിൽ ഉണ്ടാകുന്ന സാങ്കേതിക പ്രശ്നങ്ങൾ മൂലം റേഷൻ വിതരണം തടസ്സപ്പെടാതിരിക്കാൻ എൻ.ഐ.സി.യുടെ സെർവറുകളും ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. പൊതുപ്രവർത്തകൻ അഡ്വ. വി. ദേവദാസ് സമർപ്പിച്ച പരാതിയാണ് ഈ നടപടിക്ക് വഴിതെളിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *